രാജ്യത്തെ 29 റെയിൽവേ സ്റ്റേഷനുകളിലായി 14 മിനിറ്റ് മിറാക്കിളിന് ഇന്ന് തുടക്കമായി. വിവിധ സ്റ്റേഷനുകളിലായി 14 മിനിറ്റിൽ വന്ദേഭാരത് എക്‌സ്പ്രസുകൾ ശുചീകരിച്ച് അടുത്ത സർവീസിന് സജ്ജമായി. എന്നാൽ ഇപ്പോഴിതാ 14 മിനിറ്റ് തികയും മുമ്പ് ഒരു റെയിൽവേ സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്.
സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലാണ് സംഭവം. ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ 16 കോച്ചുകളാണ് ഇവിടെ വൃത്തിയാക്കിയത്. എന്നാൽ 14 മിനിറ്റ് സമയം എടുക്കാതെയാണ് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഏകദേശം 13 മിനിറ്റും 53 സെക്കൻഡും സമയമെടുത്ത് ട്രെയിനിന്റെ എല്ലാ റേക്കുകളും വൃത്തിയാക്കി. ഡിവിഷണൽ റെയിൽവേ മാനേജർ ശിൽപി അഗർവാൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
14 മിനിറ്റ് മിറാക്കിളിന്റെ ഭാഗമായി 48 ക്ലീനിംഗ് സ്റ്റാഫുകളെയാണ് നിയോഗിച്ചിട്ടുള്ളത്. ഓരോ കോച്ചിലും മൂന്ന് ജീവനക്കാർ വീതമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ജീവനക്കാരിൽ ഒരാൾ കോച്ചിലുള്ള ചപ്പു ചവറുകൾ ശേഖരിക്കുകയും വിൻഡോ ഗ്ലാസിന് പുറവും സമീപവും വൃത്തിയാക്കും. രണ്ടാമത്തെ ജീവനക്കാരൻ ലഘുഭക്ഷണ മേശകളും സീറ്റുകളും വൃത്തിയാക്കും. മൂന്നാമത്തെ ജീവനക്കാരൻ ഈ സമയം ഡസ്റ്റ് ബിന്നുകളിൽ നിന്നും സാധനങ്ങൾ മാറ്റുകയും ടോയ്‌ലറ്റുകൾ കണ്ണാടികൾ എന്നിവ വൃത്തിയാക്കുകയും ചെയ്യും.