ഏഷ്യൻ ഗെയിംസ് ഒൻപതാം ദിനത്തിലെ മെഡൽ വേട്ടയ്‌ക്ക് ഗംഭീര തുടക്കം. 3000 മീറ്റർ സ്‌കേറ്റിംഗ് റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾ വെങ്കലം കരസ്ഥമാക്കി. സഞ്ജന ബത്തുല, കാർത്തിക ജഗദീശ്വരൻ, ഹീരൽ സാധു, ആരതി കസ്തൂരി രാജ് എന്നിവരടങ്ങുന്ന വനിതാ ടീം 4.34 മിനിറ്റിൽ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്. പുരുഷന്മാരുടെ ടീം 4.10 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. ആര്യൻപാൽ സിംഗ് ഘുമാൻ, ആനന്ദ്കുമാർ വേൽകുമാർ, സിദ്ധാന്ത് കാംബ്ലെ, വിക്രം ഇംഗലെ എന്നിവരടങ്ങുന്ന ടീമാണ് രണ്ടാം വെങ്കലം നേടിയത്.
4.19 സെക്കൻഡ് സ്‌കേറ്റ് ചെയ്ത് ചൈനയാണ് വനിതാ വിഭാഗത്തിൽ സ്വർണം നേടിയത്. 4.21 സെക്കൻഡിനുള്ളിൽ ഫിനിഷ് ചെയ്ത് ദക്ഷിണ കൊറിയ വെള്ളിയും നേടി. പുരുഷ വിഭാഗത്തിലും ചൈനയും കൊറിയയും തന്നെയാണ് മെഡൽ പട്ടികയിലെ മുമ്പന്മാർ. ഇതിന് മുൻപ് 2010-ലെ ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യ സ്‌കേറ്റിംഗിൽ മികവ് കാണിച്ചത്.
13 സ്വർണമാണ് ഇന്ത്യൻ താരങ്ങൾ ഇതുവരെ സ്വന്തമാക്കിയത്. ഇതിന് പുറമേ 21 വെള്ളിയും 21 വെങ്കലവും ഉൾപ്പെടെ 55 മെഡലുകൾ സ്വന്തമാക്കി ഇന്ത്യ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുകയാണ്.