അടുത്ത വിജയ കുതിപ്പിനൊരുങ്ങി ഇസ്രോ. ചുവന്ന ഗ്രഹത്തിൽ ആദ്യമായി പേടകമിറക്കി പഠനം നടത്തി ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ദൗത്യത്തിനൊരുങ്ങുന്നത്. ചൊവ്വയിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങുന്ന മംഗൾയാൻ-2 എന്ന മാർസ് ഓർബിറ്റർ മിഷൻ-2 നാല് പേലോഡുകൾ വഹിക്കുമെന്ന് ഇസ്രോ വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാ ഗ്രഹത്തിന്റെ അന്തരീക്ഷം, മറ്റ് സവിശേഷതകൾ, ഗ്രഹങ്ങൾക്കിടയിലെ പൊടിപടലങ്ങൾ തുടങ്ങിയവയെ പഠന വിധേയമാക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
നാല് പേലോഡുകളുടെയും പ്രവർത്തനം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. മാർസ് ഓർബിറ്റ് ഡസ്റ്റ് എക്സ്പെരിമെന്റ് (മോഡക്സ്), റേഡിയോ ഒക്ൾട്ടേഷൻ (ആർഒ) പരീക്ഷണം, എനർജറ്റിക് അയോൺ സ്‌പെക്ട്രോമീറ്റർ (ഇഐഎസ്), ലാങ്മുയർ പ്രോബ് ആൻഡ് ഇലക്ട്രിക് ഫീൽഡ് എക്സ്പെരിമെന്റ് (എൽപിഎക്സ്) എന്നിവ ഉണ്ടായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അന്തരീക്ഷത്തിന്റെ ഉത്ഭവത്തെ കുറിച്ച് പഠിക്കാൻ മോഡക്‌സ് സഹായിക്കും. ഇതിൽ നിന്ന് ലഭിക്കുന്ന പഠനങ്ങൾ പൊടിപലങ്ങളുടെ സാന്നിധ്യത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകും. ചൊവ്വാ ഗ്രഹത്തിന് ചുറ്റും എന്തെങ്കിലും തരത്തിലുള്ള വളയുമുണ്ടോയെന്ന സംശയത്തിന്ഉത്തരം നൽകാനും ദൗത്യത്തിനാകും. ന്യൂട്രൽ, ഇലക്ട്രോൺ എന്നിവയുടെ സാന്ദ്രത അളക്കാനാകും RO പരീക്ഷണം നടത്തുക. ചൊവ്വയുടെ അന്തരീക്ഷത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ സഹായിക്കുന്ന എക്‌സ്-ബാൻഡ് ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന മൈക്രോവേവ് ട്രാൻസ്മിറ്ററാണ് ഉപകരണം. ഇത് ഉപയോഗിച്ചാകും പഠനം നടത്തുക.
ചൊവ്വയുടെ ഉപരിതത്തിലെ സൗരോർജ്ജ കണികകളെയും സൂപ്പർ-തെർമൽ കണികളെയും ചിത്രീകരിക്കാൻ EIS സഹായിക്കും. ഉയർന്ന ഊർജ്ജം പുറപ്പെടുവിക്കുന്ന കണികകളെ കുറിച്ചുള്ള പഠനം ചുവന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ നൽകും. അന്തരീക്ഷം നഷ്ടപ്പെടുന്നതിന് പിന്നിലെ ഘടകങ്ങൾ മനസിലാക്കാൻ ശാസ്ത്ര സമൂഹത്തെ സഹായിക്കും. ഇലക്ട്രോണുകളുടെ സാന്ദ്രത, താപനില, വൈദ്യുത മണ്ഡല തരംഗങ്ങൾ എന്നിവ അളക്കാനാകും LPEX ഉപയോഗപ്പെടുത്തുക. ചൊവ്വയിലെ പ്ലാസ്മയെ സംബന്ധിച്ച പഠനങ്ങൾക്കുള്ള നിർണായക വിവരങ്ങൾ നൽകാൻ ഇതിനാകും.
ഭൂമിയുടെ സ്വാധീന വലയത്തിന് പുറത്ത് ഇന്ത്യ നടത്തിയ ആദ്യത്തെ ദൗത്യമായിരുന്നു മാർസ് ഓർബിറ്റർ മിഷൻ എന്ന മംഗൾയാൻ. 2013 നവംബർ അഞ്ചിന് പിഎസ്എൽവിയുടെ ചിറകിലേറിയാണ് മംഗൾയാൻ ചൊവ്വയിലെത്തിയത്. ദൗത്യം വിജയിച്ചതോടെ ചൊവ്വയുടെ ഭ്രമണപഥത്തിൽ ബഹിരാകാശ പേടകത്തെ സ്ഥാപിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ആദ്യത്തെ ശ്രമത്തിൽ തന്നെ ഈ ദൗത്യം വിജയിക്കുന്ന ആദ്യരാജ്യവും ഭാരതം തന്നെയാണ്. ആറ് മാസം ആയുസ് പ്രവചിച്ച് തയ്യാറാക്കിയ പേടകം നീണ്ട ഏഴ് വർഷമാണ് വിവരങ്ങൾ നൽകിയത്. 2021-ലാണ് പേടകത്തിന്റെ പ്രവർത്തനം നിലച്ചത്. ഉപരിതല സവിശേഷതകൾ, രൂപഘടന, ധാതുശാസ്ത്രം, അന്തരീക്ഷം എന്നിവ പഠിക്കാൻ അഞ്ച് പേലോഡുകളായിരുന്നു ഒന്നാം ദൗത്യത്തിലുണ്ടായിരുന്നത്.