കൊച്ചി: ബാറിൽ ഭക്ഷണം കഴിക്കാനെത്തിയ ഹൈക്കോടതി അഭിഭാഷകന് ജീവനക്കാരുടെ മർദ്ദനം. എറണാകുളം വീക്ഷണം റോഡിലെ വാട്സൺ റെസ്റ്റോ ബാറിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അഭിഭാഷകൻ ഭാര്യയ്ക്കൊപ്പം ബാറിൽ ഭക്ഷണം കഴിക്കാനെത്തിയത്. അഭിഭാഷകന്റെ പരാതിയിൽ മാനേജർക്കെതിരെയും ബൗൺസർമാർക്കെതിരെയും എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു.
അഭിഭാഷകന്റെ രണ്ട് സുഹൃത്തുക്കൾ നേരത്തെ ബാറിൽ ഉണ്ടായിരുന്നു. സുഹൃത്തുക്കളും ബാർ ജീവനക്കാരും തമ്മിൽ തർക്കമുണ്ടാവുകയും ഈ കാര്യം അന്വേഷിച്ചപ്പോൾ അഭിഭാഷകനുനേരെയും ആക്രമണമുണ്ടാവുകയായിരുന്നു. അഭിഭാഷകനേയും സുഹൃത്തുക്കളേയും മർദ്ദിക്കാൻ മാനേജർ ബൗൺസർമാരോട് ആവശ്യപ്പെട്ടു എന്നാണ് പരാതി.
സംഭവത്തിൽ അഭിഭാഷകന്റെ മുഖത്ത് ബൗൺസർമാർ ഇടിക്കട്ടകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള അഭിഭാഷകന്റെ മുഖത്ത് ആഴത്തിലുള്ള പരിക്കുകളുണ്ട്. അദ്ദേഹത്തിന്റെ കണ്ണിനും സാരമായ പരിക്കേറ്റിട്ടുണ്ട്. മാനേജർ ആഷ്ലി, ബൗൺസർ അനസ്, കണ്ടാലറിയാവുന്ന മറ്റ് നാല് ബൗൺസർമാർ എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.