കഴിഞ്ഞ ഏതാനും വർഷങ്ങളായി യുവാക്കളിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം സംഭവിക്കുന്ന അഞ്ചിൽ ഒരാൾ 40 വയസ്സിന് താഴെയുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ. 18നും 25നും ഇടയില്‍ പ്രായമുള്ളവരിൽ പോലും ഹൃദയസംബന്ധ രോഗങ്ങൾ സ്ഥിരീകരിക്കുന്നു. ഇത്തരത്തിൽ യുവാക്കളിൽ ഹൃദ്രോഗങ്ങൾ വർദ്ധിച്ചതിന് കാരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
മാറി വരുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയുമാണ് പ്രധാനപ്പെട്ട വെല്ലുവിളി. പ്രമേഹവും രക്ത സമ്മർദ്ദവും കൊളസ്ട്രോളും ഉയരുന്ന തരത്തിലുള്ള ഭക്ഷണങ്ങളാണ് ഇപ്പോൾ ഒട്ടുമിക്ക ആളുകളും കഴിക്കുന്നത്. ഇത്തരത്തിൽ ആഹാരം കഴിക്കുന്നത് ശരീരത്തിന് ഉചിതമല്ല. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, ശീതളപാനീയങ്ങള്‍ എന്നിവ പതിവാക്കുന്ന യുവാക്കള്‍ക്കിടയില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ വർദ്ധിക്കുകയാണ്. ഇത്തരം ഭക്ഷണ സാധനങ്ങൾക്ക് നിയന്ത്രണം വച്ചാൽ ഒരു പരിധിവരെ ഹൃദയ സംബന്ധമായ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ സാധിക്കും.
മറ്റൊരു കാരണം പുകവലിയാണ്. മദ്യപാനത്തെക്കാൾ ദോഷം ചെയ്യുന്ന ഒന്നാണ്. പുകവലി പൂർണമായും ഉപേക്ഷിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അമിതമായി പുകവലിക്കുന്നവരുടെ ഹൃദയാരോഗ്യം വളരെ മോശമെന്നാണ് പഠനങ്ങളിൽ പറയുന്നത്. ചിട്ടയായ വ്യായാമവും ഹൃദയാഘാതം ഇല്ലാതാക്കാൻ സഹായകമാകുന്നു. ഒരാഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും 30-45 മിനിറ്റെങ്കിലും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. സൈക്ലിങ്, ഓട്ടം, നീന്തല്‍ തുടങ്ങിയ കാര്‍ഡിയോ വ്യായാമങ്ങള്‍ ഹൃദയത്തിന് നല്ലതാണ്. ദിവസവും ഓടാന്‍ പോകുന്നത് നല്ല കാര്യമാണ്. എന്നാല്‍, ഫിറ്റ്നെസ് പ്രേമികള്‍ ശരീര സൗന്ദര്യത്തിനു വേണ്ടി സ്ഥിരം കഴിക്കുന്ന സ്റ്റിറോയ്ഡുകള്‍ ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാം.
യുവാക്കളില്‍ മാനസിക സമ്മര്‍ദ്ദവും വലിയ രീതിയില്‍ ഹൃദയാഘാതത്തിനു കാരണമാകുന്നു. ജോലി സംബന്ധമായ ടെന്‍ഷനും യുവാക്കളുടെ ആരോഗ്യത്തെ പൂർണമായും തകർക്കും. ഇടയ്‌ക്ക് ജോലി ഭാരം മാറ്റിവെച്ച് മാനസികമായ ഉല്ലാസങ്ങളിൽ വ്യാപൃതരാകണം.