തിരുവനന്തപുരം: കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊന്ന ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ചതിൽ പ്രതിഷേധവുമായി ആൾ കേരള മെൻസ് അസോസിയേഷൻ. സെക്രട്ടേറിയറ്റിന് മുന്നിൽ ഗ്രീഷ്മയുടെ കോലം കത്തിച്ചാണ് മെൻസ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചത്. ഞാൻ കഷായം ഗ്രീഷ്മ ഞാൻ ഈ ഭൂമിയിൽ ജീവിക്കാൻ യോഗ്യല്ല എന്ന എഴുതിയ പ്ലക്കാർഡും ഗ്രീഷ്മയുടെ ചിത്രവുമായാണ് പ്രതിഷേധക്കാർ അണിനിരന്നത്.
കാമുകനായിരുന്ന പാറശാല ജെ.പി. ഭവനിൽ ജയരാജിന്റെ മകൻ ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് തമിഴ്‌നാട്ടിലെ രാമവർമൻചിറ, ശ്രീനിലയത്തിൽ ഗ്രീഷ്മ. നെയ്യൂരിലെ സ്വകാര്യ കോളജിൽ ബി.എസ്.സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയായിരുന്ന ഷാരോൺ രാജ് ബസ് യാത്രക്കിടെയാണ് ഗ്രീഷ്മയെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഒടുവിൽ ഷാരോണിനെ ഒഴിവാക്കാനായാണ് ഗ്രീഷ്മയും ബന്ധുക്കളും ചേർന്ന് കൃത്യം ആസൂത്രണം ചെയ്തത്.2022 ഒക്ടോബറിലായിരുന്നു സംഭവം. വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഷാരോണിനെ വിഷംകലർത്തിയ കഷായം കുടിപ്പിക്കുകയായിരുന്നു. തുടർന്ന് അവശനിലയിലായ ഷാരോൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 25-നാണ് മരിച്ചത്.
കഴിഞ്ഞാഴ്ചയാണ് ജാമ്യം ലഭിച്ച് ഗ്രീഷ്മ ജയിൽ മോചിതയായത്. സഹതടവുകാരുടെ പരാതിയെ തുടർന്ന് ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും മാവേലിക്കര സ്‌പെഷ്യൽ ജയിലിലേക്ക് മാറ്റിയത് വാർത്തയായിരുന്നു.