ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബെന്നു ഛിന്നഗ്രഹത്തിൽ നിന്നുമുള്ള സാമ്പിൾ ആദ്യമായി ഭൂമിയിലെത്തുന്നത് കഴിഞ്ഞ ദിവസമാണ്. നാസയുടെ ബഹിരാകാശ ദൗത്യത്തിലാണ് ഛിന്നഗ്രഹത്തിലെ സാമ്പിൾ ലഭിക്കുന്നത്. സാമ്പിൾ എത്തിച്ച പേടകം ഇന്ന് ശാസ്ത്രജ്ഞർ തുറക്കുകയും കറുത്ത നിറത്തിലുള്ള തരികൾ ശേഖരിക്കുകയും ചെയ്തു. ഒസിരിസ്-റെക്‌സ് ദൗത്യത്തിൽ നിന്നും കറുത്ത പൊടികളും അവശിഷ്ടങ്ങളും പുറത്തേക്ക് എടുക്കുകയായിരുന്നുവെന്ന് നാസ വ്യക്തമാക്കി.
ഒസിരിസ്-റെക്‌സ് 2016-ലാണ് വിക്ഷേപിക്കുന്നത്. ശേഷം ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ബെന്നു ഛിന്നഗ്രഹത്തിൽ പേടകം ഇറങ്ങി. ഇതിന്റെ പാറക്കെട്ടുകളിൽ നിന്നും ഏകദേശം 250 ഗ്രാം പൊടികളും ശേഖരിച്ചു. ഛിന്നഗ്രഹത്തിൽ നിന്നും കണ്ടെത്തിയ തരികൾ ഭൂമിയ്‌ക്ക് ഭീഷണിയാകുന്ന ഛിന്നഗ്രഹങ്ങളെക്കുറിച്ച് മനസിലാക്കാൻ സഹായിക്കുമെന്ന് നാസ വ്യക്തമാക്കി.
ഒക്ടോബർ 11-ന് വാർത്താ സമ്മേളനത്തിലൂടെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാണ് നാസ പദ്ധതിയിടുന്നത്. അന്ന് ശേഖരിച്ച സാമ്പിളുകളുടെ വിശദാംശങ്ങളും ബഹിരാകാശ ഏജൻസി പുറത്തു വിടും. ഛിന്നഗ്രഹം വിശകലനം ചെയ്യുന്നതിലൂടെ സൗരയൂഥത്തിന്റെ രൂപീകരണത്തെക്കുറിച്ചും ഭൂമി എങ്ങനെയാണ് വാസയോഗ്യമായത് എന്നത് സംബന്ധിച്ചും കൃത്യമായ വിവരം ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.















