ന്യൂഡൽഹി: ചൈന അതിർത്തിയിൽ പ്രതിരോധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. അതിർത്തിയിൽ ഇന്ത്യൻ സൈന്യം ‘അദൃശ്യ’ റോഡുകൾ നിർമ്മിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യ-ചൈന യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള ഇന്ത്യയുടെ വടക്കേയറ്റത്തെ സൈനിക താവളമായ ദൗലത്ത് ബെഗ് ഓൾഡിയിലേക്കാണ് റോഡ് നിർമ്മാണം പുരോഗമിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. എൽഎസിയിൽ നിന്ന് ഈ റോഡ് കാണാൻ കഴിയില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ സുരക്ഷയിൽ നിർണായക പങ്ക് വഹിക്കാൻ ഈ പാതയ്‌ക്ക് കഴിയും.
സൈനികരുടെ നീക്കത്തിനും ആയുധങ്ങളും മറ്റും അതിർത്തിയിൽ എത്തിക്കാൻ ഈ റോഡ് ഉപയോഗപ്പെടുത്തും. 130 കിലോമീറ്റർ നീളത്തിലുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ബിആർഒയുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. വരുന്ന നവംബർ മാസത്തോടെ റോഡ് പ്രവർത്തനക്ഷമമാകുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡ് ഒരു വർഷത്തിനുള്ളിൽ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും. 2020-ൽ ഇന്ത്യ -ചൈന സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് അദൃശ്യമായ ഈ റോഡിന്റെ നിർമ്മാണം ആരംഭിച്ചത്.
ഏത് കാലാവസ്ഥയിലും കണക്റ്റിവിറ്റി ഉറപ്പാക്കാൻ സാസർ ലായ്‌ക്ക് സമീപം ഏഴ് കിലോമീറ്റർ നീളമുള്ള തുരങ്കം നിർമ്മിക്കാനും ബിആർഒ പദ്ധതിയിടുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 8,000 കോടി രൂപയുടെ പദ്ധതികളാണ് ബിആർഒ പൂർത്തിയാക്കിയത്.