തിരുവനന്തപുരം: യാത്രക്കിടെ കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ചു വീണ, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി രക്ഷപെട്ടത് തലനാരിഴയ്ക്ക്. പോത്തൻകോട് എൽ.വി.എച്ച്.എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. വൈകുന്നേരം നാല് മണിക്ക് സ്കൂളിൽ നിന്ന് തിരികെ മോഹനപുരത്തെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
ബസിന്റെ വാതിലിന് സമീപമായിരുന്നു വിദ്യാർത്ഥിനി നിന്നിരുന്നത്. വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം വാഹനം മുന്നോട്ടെടുത്തപ്പോൾ ഡോർ തുറന്ന് പോവുകയായിരുന്നു. ഇതോടെ ഫാത്തിമ തെറിച്ച് റോഡിലേക്ക് വീണു. ബസിന്റെ പിൻ ചക്രങ്ങൾക്കിടയിൽ നിന്ന് തലനാരിഴ വ്യത്യാസത്തിലാണ് വിദ്യാർത്ഥിനി രക്ഷപ്പെട്ടത്. റോഡിലേക്ക് വീണ ഉടൻ തന്നെ എഴുന്നേറ്റ് മാറാൻ സാധിച്ചതിനാൽ ദുരന്തം ഒഴിവായി. വഴിയരികിൽ നിന്ന സ്കൂട്ടർ യാത്രികനും സംഭവം കണ്ടതോടെ പെൺകുട്ടിയെ സഹായിക്കാൻ എത്തിയിരുന്നു. കുട്ടിയുടെ പരുക്ക് ഗുരുതരമല്ല.