പിസ ബഹുഭൂരിപക്ഷം ആളുകൾക്കും ഇഷ്ടമാണ്. ചീസും, ചിക്കനും അങ്ങനെ പല വ്യത്യസ്തതകൾ പരിചയപ്പെടുത്തിയ ഡൊമിനോസ് പിസ ഇഷ്ടമുള്ളവരാകും നമ്മിൽ ഏറെയും. എന്നാൽ ഡൊമിനോസ് പിസയ്‌ക്ക് സമാനമായി ഒരു ഡൊമനിക് പിസ വിപണിയിൽ വന്നാലോ? പേരിനൊപ്പം ആഗോള ബ്രാൻഡിന്റെ ലോഗോയും പകർത്തിയിരിക്കുകയാണ് ഡൊമനിക് എന്ന ഗാസിയാബാദിൽ നിന്നുള്ള കമ്പനി.
ഡൊമിനോസ് പിസയുടെ വ്യാപാര മുദ്ര അനുകരിച്ചതിനു ഡൊമനിക് പിസയ്‌ക്ക് താക്കീത് നൽകിയിരിക്കുകയാണ് ഡൽഹി കോടതി. ‘ ഡൊമിനോസ് പിസയും ഡൊമനിക് പിസയും പേരിൽ പോലും സാമ്യമുണ്ടെന്നും സമാനമായ ലോഗോ ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. പേരിലെ സാമ്യതയും ലോഗോയിലെ സാമ്യതയും ഉപഭോക്താക്കൾക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്നും പല വ്യക്തികൾക്ക് പല രുചികളാണ് ഇഷ്ടപ്പെടുന്നതെന്നും ഈ ആശയക്കുഴപ്പം രണ്ടു കമ്പനികൾക്കും നഷ്ടങ്ങൾ വരുത്തുമെന്നും കോടതി പറഞ്ഞു.
ഈ ലോഗോ ഉപയോഗിക്കുന്നതിൽ നിന്നും ഗാസിയാബാദിൽ പ്രവർത്തിക്കുന്ന ഡൊമനിക് പിസ കമ്പനിയെയാണ് വിലക്കിയിരിക്കുന്നത്. ഡൊമിനോസ് പിസ ഉപയോഗിച്ചിക്കുന്നതിനു സമാനമായ രീതിയിൽ ചതുരാകൃതിയിലുള്ള മാതൃക സ്വീകരിച്ചു തന്നെയാണ് ഡൊമിനിക് പിസയും ലോഗോ നിർമ്മിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് കോടതി താക്കീത് നൽകിയിരിക്കുന്നത്.















