ഹാങ്‌ചോ: സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അവഗണയില്‍ പ്രതിഷേധിച്ച് കൂടുതല്‍ കായിക താരങ്ങള്‍ കേരളം വിടുന്നു. ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പ്രണോയിക്ക് പിന്നാലെ രാജ്യാന്തര അത്‌ലറ്റുകളായ എല്‍ദോസ് പോളും അബ്ദുല്ല അബൂബക്കറുമാണ് കേരളം വിടുന്നുവെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ഈ മാസം ഗോവയില്‍ നടക്കുന്ന ദേശീയ ഗെയിംസിന് ഇരുവരും കേരളത്തിനായി മത്സരിക്കില്ല. കോമണണ്‍വെല്‍ത്ത് ഗെയിംസില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയിട്ട് പോലും ഒരു അഭിനന്ദന സന്ദേശം പോലും സര്‍ക്കാര്‍ തലത്തില്‍ നിന്ന് ലഭിച്ചില്ലെന്നാണ് താരങ്ങള്‍ പറയുന്നത്. ട്രിപ്പിൾ ജംപ് താരങ്ങൾ കടുത്ത അവഗണനയെ തുടർന്നാണ് സംസ്ഥാനം വിടുന്നത്.
ഒളിമ്പിക്‌സിന് തയാറെടുക്കണമെങ്കില്‍ സാമ്പത്തിക സഹായത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ട ഗതികേടിലാണ് ഇവിടുത്തെ താരങ്ങള്‍. സംസ്ഥാന അത്‌ലറ്റിക് അസോസിയേഷനില്‍ നിന്ന് എന്‍.ഒ.സി വാങ്ങി ഒഡീഷയിലേക്കോ തമിഴ്‌നാട്ടിലേക്കോ മാറുമെന്ന് എല്‍ദോസ് വ്യക്തമാക്കി. കോമണ്‍വെല്‍ത്തിനെ വെള്ളി മെഡല്‍ ജേതാവും ഏഷ്യന്‍ ചാമ്പ്യന്‍ ഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാവുമായ അബ്ദുല്ല അബൂബക്കറിനും പറയാനുള്ളത് അവഗണനയുടെ കഥ തന്നെയാണ്.
ഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവായ ജിന്‍സണ്‍ ജോണ്‍സണും കേരളത്തില്‍ നിന്നുള്ള അവഗണനയുടെ കാര്യമാണ് മാദ്ധ്യമങ്ങളോട് പങ്കുവച്ചത്. മെഡല്‍ നേട്ടത്തിന് ശേഷം ആരും തിരിഞ്ഞു നോക്കിയില്ലെന്നും താരം പറഞ്ഞു. കൂടുതല്‍ താരങ്ങള്‍ കേരളം വിട്ടേക്കും.















