ധരംശാല: നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശിന് റൺസ് 365 വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 364 റൺസെടുത്തു. ഓപ്പണർ ഡേവിഡ് മലാന്റെ സെഞ്ച്വറി പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോർ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും ഡേവിഡ് മലാനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 115 റൺസാണ് ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നത്. അർദ്ധ സെഞ്ച്വറി പ്രകടനം നടത്തിയ ബെയര്‍സ്റ്റോയും മികച്ച പ്രകടനം കാഴ്ചവെച്ചു. പിന്നാലെ വന്ന ജോ റൂട്ടിനെ കൂട്ടുപിടിച്ച് മലാൻ 151 റൺസ് പടുത്തുയർത്തി.
വെടിക്കെട്ട് ബാറ്റിംഗിലൂടെ 140 റൺസ് എടുത്ത ശേഷമാണ് 38-ാം ഓവറിൽ ക്രീസിൽ നിന്നും മലാൻ മടങ്ങിയത്. ഏകദിനത്തിലെ മലാന്റെ ഏറ്റവും മികച്ച സ്‌കോറാണിത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും റൂട്ട് അർദ്ധസെഞ്ച്വറി നേടി. മലാന് പിന്നാലെ നായകൻ ബട്ലർ ക്രീസിലെത്തിയെങ്കിലും 20 റൺസെടുത്ത് പുറത്തായി. പിന്നാലെ റൂട്ടും വീണു. 68 പന്തിൽ 82 റൺസെടുത്ത ശേഷമാണ് റൂട്ട് ക്രീസ് വിട്ടത്.
ബംഗ്ലാദേശിനായി മെഹ്ദി ഹസ്സൻ നാലുവിക്കറ്റെടുത്തപ്പോൾ ഷൊറിഫുൾ ഇസ്ലാം മൂന്ന് വിക്കറ്റ് നേടി. ടസ്‌കിൻ അഹമ്മദ്, ഷാക്കിബ് അൽ ഹസ്സൻ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.















