ലോക ഫുട്ബോളിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് താരമായ ബെൽജിയത്തിന്റെ ഏദൻ ഹസാർഡ് വിരമിക്കൽ പ്രഖ്യാപിച്ചു. 32-ാം വയസിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ചെൽസിക്കായി മികച്ച പ്രകടനം പുറത്തെടുത്ത താരം പിന്നീട് സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് ചുവടുമാറ്റിയിരുന്നു. കഴിഞ്ഞ സീസണിന്റെ അവസാനം റയൽ വിട്ട താരം പിന്നീട് വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.
2019-ൽ റയലിലെത്തിയ ഹസാർഡിനെ പിന്നീട് പരിക്ക് വലയ്‌ക്കുകയായിരുന്നു. 54 ലീഗ് മത്സരങ്ങളടക്കം ആകെ 76 മത്സരങ്ങളിൽ മാത്രമാണ് റയലിനായി ബൂട്ടണിയാൻ താരത്തിന് കഴിഞ്ഞത്. തുടർന്ന് ജൂണിൽ റയൽ, താരവുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു.
2022ലെ ഖത്തർ ലോകകപ്പിൽ ബെൽജിയം ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് ശേഷം ഹസാർഡ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു.
”16 വർഷത്തിനും 700-ലധികം മത്സരങ്ങൾക്കും ശേഷം, ഒരു പ്രൊഫഷണൽ ഫുട്ബോൾ താരമെന്ന നിലയിവുളള എന്റെ കരിയർ അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.” – വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ഹസാർഡ് പറഞ്ഞു.
രണ്ട് പ്രീമിയർ ലീഗ് വിജയങ്ങളിൽ ചെൽസിക്കൊപ്പം പങ്കാളിയായ ഹസാർഡ്, റയലിനൊപ്പം ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, യൂറോപ്യൻ സൂപ്പർ കപ്പ്, ലാ ലിഗ കിരീടങ്ങൾ, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവ നേടി. എന്നാൽ സ്പെയ്നിലെ ഹസാർഡിന്റെ കരിയർ തീർത്തും നിരാശാജനകമായിരുന്നു. ക്ലബ്ബിനായി 76 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരത്തിന് നേടാനായത് ഏഴ് ഗോളുകൾ മാത്രമാണ്.















