നിശ്ചയദാർഢ്യത്തിന്റെ പര്യായം, ആത്മവിശ്വാസത്തിന്റെ നേർചിത്രം-അതാണ് ഒറ്റവാക്കിൽ അക്ഷരമുത്തശ്ശി കാർത്ത്യായനി അമ്മ. അറിവിന്റെ അന്വേഷണത്തിന് പ്രായം തടസമല്ലെന്ന് തെളിയിച്ച ധീര വനിത. രാജ്യത്തെ ഏറ്റവും പ്രായമേറിയ സാക്ഷരതാ പഠിതാവായിരുന്നു കാർത്ത്യായനി അമ്മ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മലയാളത്തിൽ സംസാരിച്ച ആ മുത്തശ്ശിയെ ആരും അത്ര പെട്ടെന്ന് മറക്കാൻ വഴിയില്ല. വാർദ്ധക്യത്തിന്റെ അവശതകളിൽ മാറ്റി നിർത്തപ്പെടുന്ന വൃദ്ധരുടെ ഇടയിൽ ജ്വലിക്കുന്ന ദീപമായിരുന്നു അക്ഷര മുത്തശ്ശി.
ആലപ്പുഴ സ്വദേശിയാണ് കാർത്ത്യായനി അമ്മ. സംസ്ഥാന സാക്ഷരതാ മിഷന്റെ ‘അക്ഷരലക്ഷം സാക്ഷരതാ പരീക്ഷ’യിൽ നാലാംതരത്തിൽ 98 ശതമാനം മാർക്കോടെ ഒന്നാം റാങ്ക് നേടിയാണ് അമ്മ പാസായത്. സ്ത്രീ ശാക്തീകരണത്തിൽ അസാധാരണമായ സംഭാവനകളാണ് കാർത്ത്യായനി അമ്മ നൽകിയിട്ടുള്ളത്. 2019-ൽ അമ്മയുടെ 98-ാം വയസിലായിരുന്നു സാക്ഷരത പരീക്ഷ പാസാകുന്ന രാജ്യത്തെ ഏറ്റവും പ്രായമേറിയ ആളാകുന്നത്. ഈ അഭിമാനകരമായ നേട്ടത്തിന് പിന്നാലെ കേന്ദ്ര സർക്കാർ നാരി ശക്തി പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. സ്ത്രീകൾക്കുള്ള രാജ്യത്തെ പരമോന്നത സിവിലയൻ ബഹുമതിയാണ് ഇത്. പ്രധാനമന്ത്രിയുടെ പ്രതിമാസ പരിപാടിയായ മൻ കി ബാത്തിലും കാർത്ത്യായനി അമ്മയെ പരാമർശിച്ചിരുന്നു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിലെ കേരളത്തിന്റെ പ്ലോട്ടിൽ ഇടം പിടിക്കാനും അമ്മയ്‌ക്കായി.
നാരി ശക്തി പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ വേളയിൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച ഇന്നും വൈറലാണ്. 100 മാർക്ക് കിട്ടുമെന്നാണ് കരുതിയത്,എന്നാൽ 98 കിട്ടിയുള്ളൂ. പത്ത് വരെ പഠിക്കണമെന്നാണ് ആശ എന്നാണ് അന്ന് പ്രധാനമന്ത്രിയോട് പറഞ്ഞത്. കംപ്യൂട്ടർ പഠിക്കുന്നുണ്ടെന്നും കൊച്ചുമക്കളാണ് പഠിപ്പിക്കുന്നതെന്നും അമ്മ പറഞ്ഞിരുന്നു. തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ അത് നേടിയെടുക്കാൻ ലോകം മുഴുവൻ ഒപ്പമുണ്ടാകുമെന്നുള്ളതിന്റെ തെളിവാണ് കാർത്ത്യായനി അമ്മ.
ബാല്യം മുതൽക്കേ അക്ഷരങ്ങളോട് തീരാത്ത പ്രണയമായിരുന്നു ആലപ്പുഴക്കാരിയായ ഈ അമ്മയ്‌ക്ക്. എന്നാൽ കുടുംബത്തിന്റെ പരാധീനതകളും പട്ടിണിയും കുഞ്ഞു കാർത്ത്യായനിയെ അക്ഷരലോകത്ത് നിന്നകറ്റി. നന്നേ ചെറുപ്പത്തിൽ തന്നെ വിദ്യാഭ്യാസം ഉപേക്ഷിച്ചിരുന്നെങ്കിലും പഠനം എന്നത് ഉള്ളിലുണ്ടായിരുന്നു. പിന്നീട് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. എന്നാൽ അപ്രതീക്ഷിതമായി ഭർത്താവ് വിട പറഞ്ഞതോടെ ആറ് മക്കളെ പോറ്റാനായി വീട്ടുജോലിയും തൂപ്പുജോലിയുമൊക്കെ ചെയ്തു. പിന്നീട് മക്കളോടും മരുമക്കളോടും തന്റെ ജീവിതാഭിലാഷം പങ്കുവെയ്‌ക്കുകയായിരുന്നു. അവരുടെ പൂർണ പിന്തുണയോടെ തന്റെ ആഗ്രഹം സഫലമാക്കുകയായിരുന്നു കാർത്ത്യായനി അമ്മ. 96 വയസുള്ള അമ്മയും 60 വയസുകാരിയായ മകളും ഒന്നിച്ചാണ് തുല്യത പരീക്ഷ എഴുതിയെന്നതും കൗതുകം. മകളേക്കാൾ മാർക്ക് നേടി, അമ്മ അറിയാതെ തന്നെ അമ്മ ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. നാലാം ക്ലാസ് പരീക്ഷയിലായിരുന്നു ഈ മിന്നും വിജയം.
അടുത്തിടെയാണ് അമ്മ രോഗബാധിതയാണെന്ന വിവരം പുറംലോകമറിയുന്നത്. പക്ഷാഘാതത്തെ തുടർന്ന് അരയ്‌ക്ക് താഴെ തളർന്ന് കിടപ്പിലായിരുന്നു അമ്മ. സാക്ഷരത മിഷന്റെ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയ്‌ക്കായി തയ്യാറെടുക്കുമ്പോഴായിരുന്നു പക്ഷാഘാതം പിടിപെട്ടത്. തുടർന്ന് പാലിയേറ്റീവ് കെയർ കാർത്ത്യായനി അമ്മയെ ഏറ്റെടുത്തെങ്കിലും വീട്ടിൽ തുടരാൻ തന്നെ അവർ ആവശ്യപ്പെടുകയായിരുന്നു. 103-ാം വയസിലും പഠിക്കാനുള്ള തീവ്ര ആഗ്രഹം അലയടിക്കുന്നതിനിടെയാണ് അമ്മയെ മരണം കവർന്നത്. ഹരിപ്പാടിലെ വീട്ടിലായിരുന്നു അന്ത്യം.















