എറണാകുളം: കോടതികൾ നീതിയുടെ ദേവാലയങ്ങളാണ് എന്നാണ് അറിയപ്പെടുന്നതെങ്കിലും ജഡ്ജിമാർ ദൈവങ്ങളല്ലെന്നും പരാതിക്കാരും അഭിഭാഷകരും കൈകൂപ്പേണ്ടതില്ലെന്നും ഹൈക്കോടതി. കോടതി മുറിയ്ക്കുള്ളിൽ മര്യാദ മാത്രം കാത്തു സൂക്ഷിച്ചാൽ മതിയെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
ആലപ്പുഴ സ്വദേശിനിയ്ക്കെതിരായ കേസ് നടപടികൾ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിരീക്ഷണം. നിറകണ്ണുകളോടെ, തൊഴുകയ്യാൽ എന്നിങ്ങനെ ഹർജിക്കാരി കേസ് വാദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
കോടതിയിൽ ജഡ്ജിമാർ അവരുടെ ഭരണഘടനാപരമായ ചുമതലകളാണ് നിർവ്വഹിക്കുന്നത്. പരാതിക്കാരോ, അഭിഭാഷകരോ കോടതിയുടെ മുന്നിൽ കൈകൂപ്പേണ്ടതില്ല. കാരണം കേസുകൾ വാദിക്കുകയെന്നത് ഭരണഘടന നൽകുന്ന അവകാശമാണെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.