പത്തനംതിട്ട; പത്തനംതിട്ട കാർഷിക സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കയ്യാങ്കളി. സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുകയും ഈ തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനിടെ മുൻ ആറന്മുള എംഎൽഎ കെ.സി. രാജഗോപാലിന് മർദ്ദനമേറ്റു.
തിരഞ്ഞെടുപ്പ് നടന്ന മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായിരുന്നു കള്ളവോട്ടിനെ ചൊല്ലി സംഘർഷം നടന്നത്. ആദ്യം സിപിഎം പ്രവർത്തകരും കോൺഗ്രസും തമ്മിലായിരുന്നു തർക്കം. ശേഷം ഇത് പോലീസും സിപിഎമ്മും തമ്മിലായി. വാക്കേറ്റത്തിനിടയിൽ സമരക്കാരെ അനുനയിപ്പിക്കാൻ എത്തിയ കെ.സി. രാജഗോപാലിനെ പോലീസ് മർദ്ദിക്കുകയായിരുന്നു. കാൽമുട്ടിനും കൈമുട്ടിനും പരിക്കേറ്റ കെ.സി. രാജഗോപാലിനെ ഉടൻ തന്നെ പത്തനംതിട്ട ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന് ഡിസിസി പ്രസിഡൻറ് സതീഷ് കൊച്ചു പറമ്പിൽ ആരോപിച്ചു. ബാങ്ക് പരിസരത്ത് സംഘർഷാവസ്ഥ ഇപ്പോഴും നിലനിൽക്കുകയാണ്.