തൃശൂർ: പൂത്തൂരിനടുത്ത് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. കുറ്റൂർ സ്വദേശി അഭിൻ ജോൺ (വിലങ്ങാടൻ വീട്), അർജുൻ കെ, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈൻ (തോട്ടു പുറത്ത് ഹൗസ്) എന്നിവരാണ് മരിച്ചത്. അഭിൻ ജോൺ സെന്റ് അലോഷ്യസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയും മറ്റു മൂന്ന് പേർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളുമാണ്.
ഇന്ന് ഉച്ചയോടെയാണ് അപകടം. ചിറയിൽ നാല് വിദ്യാർത്ഥികൾ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിൽ ഒരു വിദ്യാർത്ഥി ഒഴുക്കിൽപ്പെടുന്നത് കണ്ട് മറ്റു മൂന്ന് പേർ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ഇവരും ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വിദ്യാർത്ഥികളെ ചിറയിൽ നിന്നും പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.