ന്യൂഡൽഹി: 2023 ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ആർആർആറിനുള്ള പുരസ്‌കാരം സംവിധായകൻ രാജമൗലിയ്‌ക്കും മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം എം.എം കീരവാണിയ്‌ക്കും നൽകി ആദരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന അവാർഡ് ദാന ചടങ്ങിലാണ് ഇരുവർക്കും രാഷ്‌ട്രപതി പുരസ്‌കാരം സമ്മാനിച്ചത്. 2023-ലെ ദേശീയ ചലചിത്ര അവാർഡിൽ രാജമൗലി ചിത്രം നിരവധി പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്.
മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം എസ്എസ് രാജമൗലിയ്‌ക്ക് ലഭിച്ചപ്പോൾ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം എംഎം കീരവാണിയ്‌ക്ക് ലഭിച്ചു. വിജ്ഞാൻ ഭവനിൽ നടന്ന അനുമോദന ചടങ്ങിൽ രാജമൗലി ചിത്രത്തിന് ആറ് അവാർഡുകളാണ് ലഭിച്ചത്. സ്പെഷ്യൽ എഫക്ട്സിന് ശ്രീനിവാസ് മോഹനും, മികച്ച കൊറിയോഗ്രഫിയ്‌ക്ക് പ്രേം രക്ഷിതിനും ആക്ഷൻ സംവിധാനത്തിന് കിംഗ് സോളമനും ആർആർആർ പുരസ്‌കാരങ്ങൾ നേടി കൊടുത്തു.
69-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ കീരവാണിയുടെ മകൻ കാലഭൈരവയ്‌ക്കും അവാർഡ് ലഭിച്ചിരുന്നു. കൊമുരം ഭീമോ’ എന്ന ഗാനത്തിനാണ് കാലഭൈരവയ്‌ക്ക് മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം ലഭിച്ചത്. സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് 2022-ൽ പുറത്തിറങ്ങിയ ആർആർആർ. തികച്ചും സാങ്കൽപ്പിക കഥയായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രം ലോകമെമ്പാടും 1200 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.















