മുംബൈ; ഹിന്ദു യുവാവിനെ വിവാഹം ചെയ്തതിന് മകളെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തിയ 50-കാരന് പിടിയിലായി. ഇയാളും മകനും സുഹൃത്തും ചേര്‍ന്നാണ് മകളെയും ഭര്‍ത്താവിനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മന്‍ഖുര്‍ദ് പ്രദേശത്തെ കിണറ്റില്‍ അജ്ഞാതമായ ഒരു മൃതദേഹം കണ്ടെത്തിയതായി പ്രദേശവാസികള്‍ ഗോവണ്ടി പോലീസിനെ അറിയിച്ചു. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച്, മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ചതാണ് മരണകാരണമെന്ന് വ്യക്തമായി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കൊല്ലപ്പെട്ടത് കരണ്‍ രമേഷ് ചന്ദ്ര (22) എന്ന യുവാവാണെന്ന് കണ്ടെത്തി.
രണ്ട് ദിവസത്തിന് ശേഷം തിങ്കളാഴ്ച പന്‍വേല്‍ പോലീസ് മരങ്ങള്‍ക്ക് പിന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇവര്‍ കൊല്ലപ്പെട്ട രീതിയും മുറിവും പുരുഷന്റേതിന് സമാനമായിരുന്നു. ഇതാണ് വഴിത്തിരിവായത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇരകള്‍ തമ്മിലുള്ള ബന്ധം വ്യക്തമായി. ഗുല്‍നാസ് എന്ന സ്ത്രീയാണ് ദാരുണമായി കൊല്ലപ്പെട്ടതെന്നും തിരിച്ചറിഞ്ഞു.
‘അന്വേഷണത്തില്‍, അവര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദമ്പതികളാണെന്ന് കണ്ടെത്തി, കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് അവര്‍ ഇവിടെയെത്തിയതെന്ന് പോലീസ് പറഞ്ഞു. ഗുല്‍നാസിന്റെ പിതാവ് ഗോറ ഖാന് (50) ദമ്പതികളെ ബന്ധപ്പെടുകയും മുംബൈയിലേക്ക് ക്ഷണിക്കുകയും ചെയ്തു. കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ഗുല്‍നാസ് ഒരു ഹിന്ദുവിനെ വിവാഹം കഴിച്ചതിനാല്‍ ഗോറ ഖാനും മകന് സല്മാന് ഗോറ ഖാനും നാണക്കേടിലും ദേഷ്യത്തിലുമായിരുന്നു. സല്‍മാന്റെ സുഹൃത്ത് മുഹമ്മദ് ഖാനെയും കൂട്ടുപിടിച്ച് പ്രതികളെ ദമ്പതികളെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു.
പിടികൂടുന്നത് ഒഴിവാക്കാനാണ് ഇരു മൃതദേഹങ്ങളും വേവ്വേറെ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചത്. ചൊവ്വാഴ്ച മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു, സല്‍മാന്റെ പ്രായപൂര്‍ത്തിയാകാത്ത മറ്റ് സുഹൃത്തുക്കളുടെയും സഹായം കൊലപാതകത്തില്‍ ഉണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം (സെക്ഷന്‍ 302), തെളിവ് നശിപ്പിക്കല്‍ (സെക്ഷന്‍ 201) എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.