മുംബൈ: ഈ വർഷത്തെ ജാഗരൺ ചലച്ചിത്രമേളയിലെ മികച്ച നടനായി ജയരാജ് കോഴിക്കോടിനെ തിരഞ്ഞെടുത്തു. ‘ ജനനം: 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് അവാർഡ്. അഭിജിത്ത് അശോകൻ സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായിരുന്നു ജയരാജ്. അഭിജിത്ത് അശോകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്.
മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലൻ എന്ന ചിത്രത്തിലെ അഭിനയം കണ്ടാണ് ‘ജനനം: 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലേക്ക് സംവിധായകൻ ജയരാജ് കോഴിക്കോടിനെ വിളിക്കുന്നത്. നാടക-സിനിമാ മേഖലയിൽ എത്തി വർഷങ്ങൾ പിന്നിടുമ്പോഴാണ് അദ്ദേഹത്തെ തേടി നായക വേഷം എത്തുന്നത്. ആ നായക വേഷത്തിന് തന്നെ അംഗീകാരവും ലഭിച്ചു. മിഴിരണ്ടിലും, പലേരിമാണിക്യം, നീലത്താമര, വൈറസ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ജയരാജ് വേഷമിട്ടിട്ടുണ്ട്.
മുംബൈയിൽ നടന്ന പരിപാടിയിൽ ‘മിസിസ് ചാറ്റർഡി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലൂടെ റാണി മുഖർജി മികച്ച അഭിനേത്രിക്കുള്ള പുരസ്കാരം ഏറ്റു വാങ്ങി. ‘സിയ’ എന്ന ചിത്രത്തിലൂടെ മനീഷ് മുദ്ര മികച്ച സംവിധായകനുള്ള പുരസ്കാരം കരസ്ഥമാക്കി















