കണ്ണൂർ: ഗാനമേളയ്ക്കിടയിൽ മേയറെ തള്ളിമാറ്റി സ്റ്റേജിൽ കയ്യാങ്കളി. കണ്ണൂരിൽ ദസറയുടെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടയിലാണ് സംഭവം. കാണികളിൽ ഒരാൾ പാട്ടിന്റെ ആവേശത്തിൽ വേദിയിൽ കയറി നൃത്തം ചെയ്തു. ഇതോടെ മേയറും സംഘവും ഇയാളെ സ്റ്റേജിൽ നിന്നും ഇറക്കാൻ ശ്രമിക്കുകയായിരുന്നു. ഇതായിരുന്നു കയ്യാങ്കളിയിൽ കലാശിച്ചത്. അലവിൽ സ്വദേശി ജബ്ബാറാണ് സ്റ്റേജിൽ കയറി നൃത്തം ചെയ്തത്.
ദസറയുടെ ഭാഗമായി പിന്നണി ഗായകൻ കണ്ണൂർ ഷെരീഫിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഒരുക്കുന്ന ഗാനമേളയ്ക്കിടയിലാണ് സംഭവം നടന്നത്. ഗാനമേള നടക്കുന്നതിനിടയിൽ ജബ്ബാർ സ്റ്റേജിലെത്തി നൃത്തം ചെയ്യാൻ തുടങ്ങിയതോടെ മേയർ ഇടപെട്ട് മാറ്റാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാൾ മേയറെ തള്ളിമാറ്റി സ്റ്റേജിൽ ഉണ്ടായിരുന്നയാളെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് സംഘാടകർ വേദിയിലെത്തി ഇയാളെ നീക്കം ചെയ്യാൻ ശ്രമിച്ചതോടെയാണ് കയ്യാങ്കളിയിൽ കലാശിച്ചത്.
സംഭവം നടന്നതിന് പിന്നാലെ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്നും ഇയാൾ വീണ്ടും ഗാനമേള നടന്ന സ്ഥലത്തേക്ക് എത്തിയതായാണ് വിവരം.