പ്രമുഖ നോൺസ്റ്റിക് പാത്ര കമ്പനിയായ ഷാർക്ക് നിഞ്ചയ്‌ക്കെതിരെ കേസ്. മറ്റ് നോൺസ്റ്റിക് പാത്രങ്ങളേക്കാൾ തങ്ങളുടെ പാത്രങ്ങൾ സാങ്കേതികത്വത്തിലും നിർമ്മാണത്തിലും മികവ് പുലർത്തുന്നുവെന്ന് അവകാശപ്പെട്ട്, ജനങ്ങളെ വഞ്ചിച്ചതിന് പിന്നാലെയാണ് പ്രമുഖ കമ്പനിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഷാർക്ക് നിഞ്ചയുടെ ഷാർക്ക് എന്ന ബ്രാൻഡിലുള്ള റോബോട്ട് വാക്വം ക്ലീനറുകളും നിഞ്ച എന്ന ബ്രാൻഡിലുള്ള അടുക്കള ഉപകരണങ്ങളും വളരെ പ്രസിദ്ധമാണ്. ഒരു കൂട്ടം പാത്രങ്ങൾ, ഓവനുകൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ ഇവർക്കുണ്ട്. നോൺസ്റ്റിക് പാത്രങ്ങൾ ഒരു പരിധിയിൽ കൂടുതൽ ചൂടായാൽ അതിന്റെ നോൺസ്റ്റിക് കവചം നഷ്ടപ്പെടാറുണ്ട്. സാധാരണ പരമാവധി 900 ഡിഗ്രി ഫാരൻഹെയ്റ്റ് (482.22 ഡിഗ്രി സെൽഷ്യസ്) ചൂടേറ്റാലും തങ്ങളുടെ നോൺസ്റ്റിക് പാത്രങ്ങൾ കേടാവില്ലെന്നാണ് കമ്പനികൾ പരസ്യങ്ങളിൽ പറയുന്നത്.
എന്നാൽ ഷാർക്ക് നിഞ്ചയുടെ തള്ള് ഒരൽപ്പം കൂടുതലായിരുന്നു. 30000 ഫാരൻഹെയ്റ്റ് (16649 ഡിഗ്രി സെൽഷ്യസ്) ചൂടേറ്റാലും തങ്ങളുടെ നോൺസ്റ്റിക് പാത്രങ്ങളുടെ ഗുണമേന്മ നഷ്ടപ്പെടില്ലെന്നാണ്. പാത്രങ്ങളുടെ ഉപരിതലത്തിൽ ‘പ്ലാസ്മ സെറാമിക് കണികകൾ’ സംയോജിപ്പിച്ചിട്ടുണ്ടെന്നും അതുവഴി പാത്രങ്ങൾക്ക് ഉറപ്പും, ഗുണമേന്മയും ലഭിക്കുന്നു എന്നാണ് കമ്പനി പരസ്യത്തിലൂടെ പറയുന്നത്. ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങൾ ലംഘിക്കുന്നതാണ് ഈ അവകാശവാദമെന്ന് ചൂണ്ടിക്കാട്ടി പട്രിഷ്യ ബ്രൗൺ എന്നയാളാണ് കേസ് നൽകിയത്.
സൂര്യന്റെ മൂന്നിരട്ടിയോളം ചൂട് പാത്രം താങ്ങുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 10340 ഡിഗ്രി ഫാരൻഹെയ്റ്റ് (5726 ഡിഗ്രി സെൽഷ്യസ്) ചൂടാണ് സൂര്യനുള്ളതെന്നാണ് നാസ പറയുന്നത്. ഇതിന് പുറമേ കമ്പനി പറയുന്ന അളവിൽ പാത്രങ്ങൾ ചൂടാക്കുന്നത് ശാസ്ത്രീയപരമായ സാധിക്കില്ല. കാരണം 4478 ഡിഗ്രി ഫാരൻഹെയ്റ്റ് ചൂടിൽ തന്നെ അലൂമിനിയം ആവിയായി പോവും. എന്നാൽ തങ്ങളുടെ പാത്രങ്ങൾ ഓവനിൽ 500 ഡിഗ്രി ഫാരൻഹെയ്റ്റ് വരെ മാത്രമേ ചൂടാക്കാവൂ എന്നും പറയുന്നുണ്ടെന്ന് പട്രീഷ്യ ചൂണ്ടിക്കാണിക്കുന്നു. ഈ പൊള്ളയായ വാദങ്ങൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.















