സ്ത്രീകളിൽ ആർത്തവക്രമത്തെ ബാധിക്കുന്ന രോഗമാണ് അഥവാ രോഗാവസ്ഥയാണ്
പിസിഒഎസ്, പിസിഒഡി എന്നിവയെല്ലാം. ഹോർമോണിലെ വ്യത്യാസം, ജീവിതശൈലി എന്നിവയെല്ലാം ഇതിന് കാരണമാകാറുണ്ട്. പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് സ്ത്രീകളിലെ ആർത്തവ ചക്രത്തെ ബാധിക്കുന്നു. നല്ലൊരു ശതമാനം സ്ത്രീകളിലും വന്ധ്യതയ്‌ക്കും അണ്ഡാശയ രോഗങ്ങൾക്കും പിസിഒഡി കാരണമാവാറുണ്ട്. കൂടാതെ സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെയും പ്രൊജസ്ട്രോണിന്റെയും ഉൽപ്പാദനം കുറയ്‌ക്കുന്നതിനും പുരുഷ ഹോർമോണായ ആൻഡ്രജന്റെ ഉല്പാദനം കൂട്ടുന്നതിനും ഇത് കാരണമാവും. പിസിഒഡിയുള്ള സ്ത്രീകളിൽ ആർത്തവം ക്രമം തെറ്റിയാകും വരിക.
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ് പിസിഒഡി പോലെതന്നെ ആർത്തവക്രമീകരണത്തെയും വന്ധ്യതയ്‌ക്കും കാരണമാവുന്ന മറ്റൊരു ഹോർമോണൽ രോഗമാണ്. ഹോർമോണുകളിലെ വ്യത്യാസം അണ്ഡാശയത്തിലെ സിസ്റ്റുകളുടെ സാന്നിധ്യം എന്നിവയെല്ലാം പിസിഒഎസ്‌ന് കാരണമാണ്. എന്നാൽ പിസിഒഡി യിൽ നിന്നും ചില വ്യത്യാസങ്ങൾ പിസിഒഎസിന് ഉണ്ട്. പിസിഒഡി യെക്കാളും അപകടകരമാണ് പിസിഒഎസ്. ഹൃദ്രോഗത്തിന് വരെ ഇത് കാരണമാവാം.
ചികിത്സയോടൊപ്പമുള്ള ഭക്ഷണ ക്രമീകരണമാണ് ഈ രോഗങ്ങൾ നിയന്ത്രിക്കുവാനുള്ള എളുപ്പ മാർഗം. ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ചിലത് കഴിക്കുന്നതും പിസിഒഎസ്, പിസിഒഡി പോലുള്ള രോഗങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിക്കും.
ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ……………….
പിസിഒഡി, പിസിഒഎസ് ഉള്ളവർ ദിവസവും ഒരു ഗ്ലാസ് കറുവപ്പട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. കറുവപ്പട്ട മെറ്റബോളിസത്തെ മെച്ചപ്പെടുത്താനും ആർത്തവചക്രം ക്രമപ്പെടുത്താനും സഹായിക്കും. അതോടൊപ്പെം ഭക്ഷണങ്ങളിൽ മഞ്ഞൾ ഉൾപ്പെടുത്തുന്നതും നല്ലതാണ് ആർത്തവ സമയത്തെ അസ്വസ്ഥകൾ കുറയ്‌ക്കാൻ ഇത് സഹായിക്കും. സിങ്ക്, പയറുവർഗ്ഗങ്ങൾ, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ പിസിഒഡി ഉള്ളവർ കഴിക്കുന്നത് രോഗം നിയന്ത്രിക്കുന്നതിന് സഹായിക്കും.
പിസിഒഡി ഉള്ള മിക്ക സ്ത്രീകളും വിറ്റാമിൻ ഡിയുടെ കുറവ് കണ്ട് വരുന്നതാണ് അതിനാൽ കൂടുതൽ വിറ്റാമിൻ ഡിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആർത്തവചക്രത്തെ നിയന്ത്രിക്കാൻ സഹായിക്കും. അതോടൊപ്പം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായ പയറുവർഗ്ഗങ്ങൾ, കൊഴുപ്പു കുറഞ്ഞ പാൽ, മീൻ, മുട്ട, സോയ, കൊഴുപ്പുകുറഞ്ഞ മാംസങ്ങൾ, നട്സ് എന്നിവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്‌ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും.
ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ……………….
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കൊഴുപ്പ് ധാരാളം അടങ്ങിയ റെഡ് മീറ്റ് പോലുള്ളവ അമിതമായി കഴിക്കുന്നത് നല്ലതല്ല. അതോടൊപ്പം തന്നെ അമിതമായ മധുരം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നത് നല്ലതാണ്. ഉയർന്ന ഗ്ലൈസെമിക് ഇൻഡക്‌സ് ഉള്ള ഭക്ഷണങ്ങളും കാർബോഹൈഡ്രേറ്റ്‌സ് ഉള്ളവയും രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ ഇടയാക്കും. ഇത് പിസിഒഎസ് പിസിഒഡി ഉള്ള സ്ത്രീകളിൽ ഇൻസുലിൻ പ്രതിരോധം വഷളാക്കും.
ഉയർന്ന കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹോർമോൺ ബാലൻസിനെ ബാധിക്കും. അതുകൊണ്ട് തന്നെ കോഫി, ഡാർക്ക് ചോക്ലേറ്റ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് രോഗം നിയന്ത്രിക്കാൻ സഹായിക്കും. മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുന്നതും പിസിഒഡി, പിസിഒഎസ് എന്നിവ നിയന്ത്രിക്കാൻ സഹായിക്കും.















