ശ്രീനഗർ: ജമ്മുകശ്മീരിലെ പോലീസ് ആശുപത്രിയിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്ത് ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗ്. ലേബർ റൂം, പ്രോസ്തോ ലാബ്, എഫ്എൻഎസി, ഓട്ടോമേറ്റഡ് ബയോകെമിസ്ട്രി അനലൈസർ ഓഫ് പതോളജി, മറ്റ് സൗകര്യങ്ങൾ എന്നിവയുടെ ഉദ്ഘാടനമാണ് ഡിജിപി നിർവഹിച്ചത്.
പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന് ആശുപത്രി അധികൃതരോട് ഡിജിപി നന്ദി അറിയിച്ചു. എല്ലാ പോലീസ് ആശുപത്രികളിലും അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് പോലീസ് വൈവ്സ് വെൽഫെയർ അസോസിയേഷൻ ചെയർപേഴ്സൺ റുബീന്ദർ കൗർ പറഞ്ഞു.
രോഗികൾക്ക് എല്ലാ അത്യാധുനിക സൗകര്യങ്ങളും, മികച്ച ചികിത്സയും പ്രദാനം ചെയ്യുന്നതിൽ പോലീസ് ആശുപത്രികൾ മികവ് തെളിയിച്ചിട്ടുള്ളതാണ്. പോലീസുകാർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ മികച്ച ചികിത്സ നൽകുന്നതിനായി അർപ്പണബോധത്തോടെ പ്രവർത്തിക്കണമെന്ന് ഉദ്ഘാടനത്തിന് ശേഷം ഡിജിപി ഡോക്ടർമാർക്ക് നിർദ്ദേശം നൽകി. റംബാൻ ജില്ലയിലെ ധർമുണ്ട് മേഖല സന്ദർശിച്ച് സുരക്ഷാ നടപടികൾ വിലയിരുത്തുകയും പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയതിനും ശേഷമാണ് ഡിജിപി ഉദ്ഘാടനം നിർവഹിക്കാനെത്തിയത്.