പയറുവർഗങ്ങൾ എല്ലാം തന്നെ കുതിർത്തി പിറ്റേന്ന് കറി വെയ്‌ക്കുകയാണ് പതിവ്. ആരോഗ്യഗുണത്തെ ഇരട്ടിപ്പിക്കണമെങ്കിൽ ഈ പയറുവർഗങ്ങളെ മുളിപ്പിച്ച് കഴിക്കുകയേ വേണ്ടൂ. എന്നാൽ എങ്ങനെയാണ് മുളപ്പിക്കേണ്ടതെന്നും കഴിക്കേണ്ടതെന്നും പലർക്കും അറിയില്ല.
ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷകമാണ് പ്രോട്ടീൻ. പ്രോട്ടീന്റെ കലവറയായ ഭക്ഷണപദാർത്ഥമാണ് പയറുവർഗങ്ങൾ. മുളപ്പിച്ച പയർ വർഗങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം കഴിക്കുന്നത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. മുളപ്പിക്കുന്നത് വഴി ധാന്യങ്ങളുടെ ആരോഗ്യഗുണങ്ങളെ വർദ്ധിപ്പിക്കുന്നു.
മുളപ്പിച്ച പയർ ശരീരത്തിലെ ആസിഡിന്റെ അളവ് കുറയ്‌ക്കാൻ സഹായിക്കുന്നു. അസിഡിറ്റി ഇല്ലാതാക്കാൻ പയറുവർഗങ്ങൾ സഹായിക്കും. ശരീരഭാരം കുറയ്‌ക്കാൻ മികച്ച ഭക്ഷണമാണ് ഇത്. മുളപ്പിച്ച പയറുവർഗങ്ങളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിശപ്പ് അറിയിക്കുന്ന ഹോർമോണിന്റെ ഉത്പാദനത്തെ തടയുന്നു. അകാല വാർദ്ധക്യം തടയുന്ന നിരവധി ആന്റി ഓക്‌സിഡന്റുകൾ മുളപ്പിച്ച പയർവർഗങ്ങളിലുണ്ട്. വാർദ്ധക്യത്തിന് കാരണമാകുന്ന ഡിഎൻഎകളുടെ നാശത്തെ തടയാൻ ഇതിന് കഴിയും. മുളപ്പിച്ച പയറിൽ അടങ്ങിയിരിക്കിന്ന വിറ്റാമിൻ സി കൊളാജന്റെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇതുവഴി ചർമത്തിന് തിളക്കവും ആരോഗ്യവും നൽകുന്നു.
ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഇവ സഹായിക്കും. ചീത്ത കൊളസ്രോളിനെ അകറ്റി നല്ല കൊളസ്ര്‌ടോളിനെ നിലനിർത്താനും മുളിപ്പിച്ച പയർ സഹായിക്കുന്നു. കരൾ രോഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനും ഉത്തമമാണ് ഇത്. രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടാനും മുളപ്പിച്ച പയറുവർഗങ്ങൾ സഹായിക്കും. പയറുവർഗങ്ങൾ മുളപ്പിക്കുമ്പോൾ വിറ്റാമിൻ എ ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ തലമുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു. ആരോഗ്യമുള്ള മുടി വളർച്ചയ്‌ക്കായി തലച്ചോറിലെ സെബത്തിന്‌റെ ഉത്പാദനം കൂട്ടുന്നു.
മുളപ്പിക്കാൻ എടുക്കുന്ന പയർ നന്നായി കഴുകിയശേഷം വെള്ളത്തിലിടുക. പയറിന്റെ ഇരട്ടി അളവിൽ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. കാരണം ഇവ വെള്ളം വലിച്ചെടുക്കും. നന്നായി അടച്ചുവയ്‌ക്കണം. 12 മണിക്കൂറിനുശേഷം ഇവയിലെ വെള്ളം ഊറ്റിക്കളയുക. വീണ്ടും നല്ല വെള്ളത്തിൽ കഴുകുക. വെള്ളം വാർന്നു കളയുക. രണ്ടുനേരവും ഈ പ്രക്രിയ ആവർത്തിക്കുക. ചെറുപയർ രണ്ടാം ദിവസം ചെറുമുള വരുമ്പോഴേ ഉപയോഗിക്കാം. എല്ലാ ധാന്യ പയർവർഗങ്ങളും നാലഞ്ചു ദിവസം കൊണ്ട് നന്നായി മുളയ്‌ക്കും.
മുളപ്പിച്ച പയറുവർഗങ്ങൾ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. മുളപ്പിച്ച പയർ പച്ചയ്‌ക്ക് കഴിയ്‌ക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ചെറിയ തോതിൽ വേവിച്ച ശേഷം കഴിയ്‌ക്കുന്നതാണ് ഇപ്പോഴും ഉത്തമം. ചെറുപയർ, കടല, ബാർലി തുടങ്ങിയ മിക്ക ധാന്യങ്ങളും പയർ വർഗങ്ങളും മുളപ്പിച്ച് കഴിക്കാവുന്നതാണ്. പച്ചയ്‌ക്കും വേവിച്ചും ഇവ കഴിക്കാം. സാലഡ് ആക്കിയും ഇവ കഴിക്കാം. മുളപ്പിക്കാനായി തിരഞ്ഞെടുക്കുന്ന പയർവർഗങ്ങൾ കേടില്ലാത്തതായിരിക്കണം.















