കൊൽക്കത്ത: ടാറ്റാ മോട്ടോഴ്‌സിന് ബംഗാൾ സർക്കാർ 766 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി. സിംഗൂരിലെ നാനോ ഫാക്ടറി നിർമ്മാണവുമായി ബന്ധപ്പെട്ട കേസിലാണ് ആർബ്രിട്ടേഷൻ ട്രൈബ്യൂണലിന്റെ വിധി. ഇതുപ്രകാരം പശ്ചിമ ബംഗാൾ വ്യവസായ വികസന കോർപ്പറേഷൻ ടാറ്റയ്‌ക്ക് പലിശയടക്കമുള്ള തുക നൽകണം. 2016 സെപ്റ്റംബർ ഒന്ന് മുതൽ 11 ശതമാനം പ്രതിശീർഷ പലിശയാണ് നൽകേണ്ടത്. കോടതി വ്യവഹാരങ്ങൾക്ക് വേണ്ടി വന്ന ചെലവിന്റെ ഭാഗമായി ഒരു കോടി രൂപയും ടാറ്റാ മോട്ടോഴ്‌സിന് നൽകണമെന്ന് ട്രൈബ്യൂണലിന്റെ മൂന്നംഗ സമിതി വിധിച്ചു.
2008 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. ഭൂമിതർക്കത്തെ തുടർന്ന് ടാറ്റാ മോട്ടോഴ്‌സിന്റെ സിംഗൂരിലുള്ള നിർമ്മാണ യൂണിറ്റ് സാനന്ദിലേക്ക് മാറ്റേണ്ടി വന്നു. ബംഗാളിൽ നിന്നും ഗുജറാത്തിലേക്ക് നാനോ ഫാക്ടറി പ്ലാന്റ് മാറ്റേണ്ടി വന്നത് ടാറ്റയ്‌ക്ക് വലിയ നഷ്ടമുണ്ടാക്കിയിരുന്നു. നാനോ കാർ ഉൾപ്പടെ പല ഉത്പന്നങ്ങളും നിർമ്മിക്കാൻ ലക്ഷ്യമിട്ട് ടാറ്റോ മോട്ടോഴ്‌സ് ആരംഭിച്ച നാനോ ഫാക്ടറിയായിരുന്നു അത്. അന്ന് ബംഗാളിൽ പ്രതിപക്ഷസ്ഥാനത്ത് ഇരുന്ന മമതാ ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും നിരന്തരമായ പ്രതിഷേധത്തെ തുടർന്നായിരുന്നു ടാറ്റയുടെ നാനോ ഫാക്ടറി നിർമ്മാണം നിർത്തലാക്കേണ്ടി വന്നത്. പിന്നീട് സിപിഎം ഭരണത്തെ അട്ടിമറിച്ച് മമത സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ടാറ്റയ്‌ക്ക് ബദൽ ഭൂമി വാഗ്ദാനം ചെയ്‌തെങ്കിലും കമ്പനി ഇത് തിരസ്‌കരിക്കുകയായിരുന്നു. ഭൂമി അനുവദിച്ച് നൽകിയ ഘട്ടത്തിൽ അന്നത്തെ ഇടതുസർക്കാരിന് ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി നൽകിയ 154 കോടി രൂപ നഷ്ടപരിഹാരമായി തിരികെ വേണമെന്നായിരുന്നു ടാറ്റ മോട്ടോഴ്സിന്റെ നിലപാട്.
34 വർഷത്തോളം സിപിഎം അധികാരത്തിലിരുന്ന ബംഗാളിൽ ഭരണം പിടിക്കാൻ മമതയെ സഹായിച്ച ഒന്നായിരുന്നു ടാറ്റ മോട്ടോഴ്സിനെതിരായി ആരംഭിച്ച സിംഗൂർ പ്രക്ഷോഭം. വിവിധ പദ്ധതികളുടെ പേരിൽ സിപിഎം ഏറ്റെടുത്ത ആയിരത്തോളം ഏക്കർ കൃഷിഭൂമിയിലായിരുന്നു ടാറ്റ മോട്ടോഴ്സിന് നാനോ കാർ ഫാക്ടറി പ്ലാന്റിനായി ഭൂമി അനുവദിച്ചത്. എന്നാൽ സിപിഎമ്മിനെ അട്ടിമറിച്ച് തൃണമൂൽ അധികാരത്തിലെത്തിയതിന് ശേഷം ഏറ്റെടുത്ത ഭൂമിയെല്ലാം ഉടമസ്ഥർക്ക് നൽകി. ടാറ്റ മോട്ടോഴ്‌സിന് അനുവദിച്ച ഭൂമിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഒരുകാലത്ത് പ്രതിപക്ഷത്തായിരുന്നപ്പോൾ ടാറ്റ മോട്ടോഴ്‌സിനെ എതിർത്ത മമതയ്‌ക്ക് ഒടുവിൽ വർഷങ്ങൾ പിന്നിട്ടപ്പോൾ വലിയ വില കൊടുക്കേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. ടാറ്റയെ സിംഗൂരിൽ നിന്ന് ഓടിച്ചത് താനല്ല, ഇടതുമുന്നണിയാണെന്ന പ്രചാരണം മമത കഴിഞ്ഞയിടയ്‌ക്ക് ഇറക്കിയിരുന്നുവെങ്കിലും നിലവിൽ ടാറ്റയ്‌ക്ക് നൽകേണ്ട ഭീമമായ നഷ്ടപരിഹാരത്തുകയിൽ നിന്ന് രക്ഷപ്പെടാൻ മതിയാകാതെ വരുമെന്നാണ് വിമർശനം.