കോഴിക്കോട്: ഹോട്ടലിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കവെ കയ്യിൽ തട്ടിയതിൽ പ്രകോപിതനായി സുഹൃത്തിന്റെ മൂക്കിലിടിച്ച യുവാവ് അറസ്റ്റിൽ. തിരുവണ്ണൂർ സ്വദേശി മുഹമ്മദ് ഷാഹിമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കഴിഞ്ഞ ഒക്ടോബർ 25-നായിരുന്നു സംഭവം.
കല്ലായി സ്വദേശി ആർകെ തോട്ടത്തിൽ താജുദ്ദീന്റെ മൂക്കിനാണ് സാരമായി പരിക്കേറ്റത്. ആക്രമണത്തിൽ യുവാവിന്റെ മൂക്കിന്റെ എല്ല് പൊട്ടി. ഫ്രാൻസിസ് റോഡിന് സമീപമുള്ള കടയിലാണ് സുഹൃത്തുക്കളുമൊത്ത് ഇരുവരും ബിരിയാണി കഴിക്കാനെത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മുഹമ്മദിന്റെ കയ്യിൽ താജുദ്ദീൻ തട്ടി. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിലാകാൻ ഉണ്ടെന്ന് പോലീസ് അറിയിച്ചു.