ഏകദിന ലോകകപ്പിൽ അപരാജിത കുതിപ്പ് തുടരുകയാണ് ഇന്ത്യ. ബാറ്റർമാരുടെയും ബൗളർമാരുടെയും മികച്ച പ്രകടനവും ടീം സ്പിരിറ്റുമാണ് ഇന്ത്യക്ക് മികച്ച ജയം സമ്മാനിക്കുന്നത്. ബൗളിംഗിൽ എതിരാളികളെ വെള്ളം കുടിപ്പിക്കുന്ന ഇന്ത്യൻ പേസ് നിര വഹിക്കുന്ന പങ്കും ചെറുതല്ല. ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും അടങ്ങുന്ന പേസ് ട്രയോയാണ് ടീം ഇന്ത്യയുടെ നട്ടെല്ല്.
ഇക്കൂട്ടത്തിൽ വിക്കറ്റ് വേട്ടയിൽ മുന്നിൽ നിൽക്കുന്നത് ജസ്പ്രീത് ബുമ്രയാണ്. ആറ് മത്സരങ്ങളിൽ നിന്നായി 14 വിക്കറ്റാണ് താരം നേടിയത്. ഇപ്പോൾ ബുമ്രയുടെ കഴിവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് സൂപ്പർ താരം വസീം അക്രം. ബുമ്ര ലോകത്തിലെ ഏറ്റവും നല്ല ബൗളറാണെന്നും താരത്തിന്റെ പേസും വേരിയേഷനുകളും മികച്ചതാണെന്നും അക്രം പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് വസീം അക്രം ബുമ്രയെ പ്രശംസിച്ചത്.
എതിരാളികൾക്ക് ബുമ്രയെ കീഴ്‌പ്പെടുത്താനുളള രസകരമായ വഴിയെ കുറിച്ചും വസീം അക്രം പറഞ്ഞു. ബുമ്രയെ സമ്മർദ്ദത്തിലാഴ്‌ത്താൻ അദ്ദേഹത്തിന്റെ ബൗളിംഗ് സ്പൈക്കുകൾ മോഷ്ടിക്കുകയാണ് ഏക വഴിയെന്നായിരുന്നു അക്രം പറഞ്ഞത്. ലോകകപ്പിൽ ഇതുവരെ കളിച്ച 15 മത്സരങ്ങളിൽ നിന്നായി 32 വിക്കറ്റാണ് ബുമ്രയുടെ സമ്പാദ്യം.