ആഘോഷകാലം വരവറിയിച്ചതോടെ എല്ലാവരും ത്രില്ലിലാണ്. ത്രില്ലിന് ഇടയിൽ ത്രില്ലടിപ്പിക്കാൻ വമ്പൻ ടൂർ പാക്കേജുമായി എത്തിയിരിക്കുകയാണ് ഐആർസിടിസി. ചരിത്രം കൊണ്ടും പ്രകൃതി രമണീയത കൊണ്ടും സമ്പന്നമായ ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കാണ് ഏറ്റവുമൊടുവിലായി ഇന്ത്യൻ റെയിൽവേ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ മറ്റെവിടെയും കാണാന്‍ സാധിക്കാത്ത വൈവിധ്യമാർന്ന സമുദ്ര ജീവികളുടെ സാന്നിധ്യവും ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാക്കുന്നു. അഞ്ച് രാത്രിയും ആറ് പകലുമാണ് യാത്ര. ദീപാവലിയോടനുബന്ധിച്ച് പ്രത്യേക ടൂർ പാക്കേജുകളാണ് ഐആർസിടിസി പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ ആറ് മുതൽ 24 വരെയാണ് ദീപാവലി പാക്കേജുകൾ നടത്തുക. പോർട്ട് ബ്ലെയറിൽ നിന്നാണ് ആൻഡമാൻ നിക്കോബാർ പാക്കേജ് ആരംഭിക്കുന്നത്.
കോർബിൻസ് കോവ് ബീച്ച്, സെല്ലുലാർ ജയിൽ, റോസ് ഐലൻഡ്, നോർത്ത് ബേ ഐലൻഡ്, ഹാവ്ലോക്ക് ദ്വീപ്, കാലാപഥർ ബീച്ച്, പ്രശസ്തമായ രാധാ നഗർ ബീച്ച്, നീൽ ദ്വീപ്, നാച്ചുറൽ ബ്രിഡ്ജ് & ലക്ഷമ്പൂർ ബീച്ച്, ഭരത്പൂർ ബീച്ച് ,പോർട്ട് ബ്ലെയർ, നീൽ, ഹാവ്‌ലോക്ക് തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കാൻ കഴിയും. നവംബർ ആറ് മുതൽ പോർട്ട് ബ്ലെയറിൽ നിന്ന് എല്ലാ ദിവസവും ട്രെയിൻ പുറപ്പെടുന്നുണ്ട്.
ഭക്ഷണം, താമസം ഉൾപ്പെടെയാണ് പാക്കേജ്. 52,750 രൂപയാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്. ഡബിൾ ഒക്യുപെൻസിക്ക് 30,775 രൂപയും ട്രിപ്പിൾ ഒക്യുപെൻസിക്ക് 27,450 രൂപയുമാണ് ചെലവാകുക. കുട്ടികൾക്ക് 13,550 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇവർക്ക് പ്രത്യേകമായി കിടക്ക ആവശ്യമാണെങ്കിൽ 17,000 രൂപയാണ് ഈടാക്കുന്നത്.