ഇസ്ലാമാബാദ് : ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാകിസ്താനിലെ വാട്ടർ ആൻഡ് സാനിറ്റേഷൻ സർവീസസ് കമ്പനിയിലെ തൊഴിലാളികൾ സമരത്തിലെന്ന് പാക് ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം മൂന്ന് മാസമായി കമ്പനിയിലെ തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചിരുന്നില്ല. അതിനാൽ ശുചീകരണ ജോലികളിൽ നിന്നും ഇവർ വിട്ടു നിൽക്കുകയാണ്.
സമരം നടത്തുന്ന ജീവനക്കാർ മുനിസിപ്പൽ അഡ്മിനിസ്‌ട്രേഷൻ ഓഫീസിന് പുറത്ത് തടിച്ചുകൂടി പഴയ ടയറുകൾ കത്തിക്കുകയും വാഹനഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ മൂന്ന് മാസമായി ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ലെന്ന് തൊഴിലാളി നേതാക്കളായ അബ്ദുൾ റൗഫ്, നൂർ മുഹമ്മദ്, ഫർമാനുള്ള തുടങ്ങിയവർ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂലം രണ്ട് വർഷത്തിലേറെയായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഇല്ലാതെയാണ് കമ്പനി പ്രവർത്തിക്കുന്നത്. ശമ്പളം നൽകാത്തത് പാവപ്പെട്ട ജീവനക്കാരുടെ ദുരിതങ്ങൾ ഇരട്ടിയാക്കിയെന്നും അവർ കൂട്ടിച്ചേർത്തു. കമ്പനിയുടെ 2017 മുതൽ 2023 വരെയുള്ള കണക്കുകൾ ഓഡിറ്റിന് ഉത്തരവിടാൻ അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
രാഷ്‌ട്രീയ അസ്ഥിരത കൊടികുത്തി വാഴുന്ന പാകിസ്താനിൽ ദാരിദ്ര്യം വർദ്ധിച്ചതായി ലോക ബാങ്ക് റിപ്പോർട്ട് ചെയ്തു. വിലക്കയറ്റം, തൊഴിലില്ലായ്മ, വെള്ളപ്പൊക്കം എന്നിവയാണ് ഇതിന് കാരണമായി റിപ്പോർട്ട് വ്യക്തമാക്കുന്നത്. മൊറോക്കോയിലെ മാരാകേഷിൽ നടന്ന ലോകബാങ്കിന്റെ മാക്രോ പോവർട്ടി ഔട്ട്‌ലുക്കാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത്.
ഉയർന്ന പണപ്പെരുപ്പവും സമ്പദ് വ്യവസ്ഥയുടെ തകർച്ചയും രാജ്യത്ത് സാമൂഹിക അരാജകത്വത്തിന് കാരണമാകുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സമ്പാദ്യവും വരുമാനവും കുറയുന്നത് അവശത അനുഭവിക്കുന്ന കുടുംബങ്ങളുടെ ക്ഷേമത്തെ പ്രതികൂലമായി ബാധിച്ചു. കുറഞ്ഞ വേതനം, തൊഴിൽ നിലവാരം കുറയൽ, ഉയർന്ന പണപ്പെരുപ്പത്തിന്റെ ആഘാതം എന്നിവ ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകളുടെ വാങ്ങൽ ശേഷിയെ കാര്യമായി ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.