ഭോപ്പാൽ: പ്രതിപക്ഷ സഖ്യത്തെയും കോൺഗ്രസിനെയും പരിഹസിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇൻഡി സഖ്യം തകർന്നെന്നും കോൺഗ്രസിൽ കുടുംബവാഴ്ചയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തുറന്ന് പറച്ചിലിനുളള മറുപടിയായിട്ടായിരുന്നു മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പരാമർശം. സഖ്യത്തിലുളള മറ്റ് പാർട്ടികളെ പരിഗണിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇൻഡി സഖ്യത്തിലെ മറ്റ് പാർട്ടികളെ കോൺഗ്രസ് പരിഗണിക്കുന്നില്ല. മദ്ധ്യപ്രദേശിൽ കോൺഗ്രസ് കുടുംബവാഴ്ച നടത്തുന്നതിനുളള തിരക്കിലാണ്. സോണിയ, രാഹുലിനെയും പ്രിയങ്കയെയും കോൺഗ്രസിന്റെ മുഖമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ കമൽനാഥ്, രാജ്യസഭാ എംപി ദിഗ്വിജയ സിംഗ് എന്നിവർ മക്കൾക്ക് വേണ്ടിയാണ് കോൺഗ്രസിൽ പ്രവർത്തിക്കുന്നത്. ഇൻഡി സഖ്യം തകർന്നത് പോലെ കോൺഗ്രസും തകർന്നുക്കൊണ്ടിരിക്കുകയാണ്. മദ്ധ്യപ്രദേശിന്റെ വികസനത്തിനായി കോൺഗ്രസിന് ഒന്നും ചെയ്യാനായില്ലെന്നും സംസ്ഥാനത്തിന്റെ വികസനത്തിന് കാരണം ബിജെപിയാണെന്നും മുഖ്യമന്ത്രി ചൗഹാൻ കൂട്ടിച്ചേർത്തു.
ജെഡിയു അദ്ധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ കോൺഗ്രസിനെതിരെ വിമർശനവുമായി രംഗത്തുവന്നിരുന്നു. കോൺഗ്രസിന്റെ ശ്രദ്ധ മുഴുവൻ സംസ്ഥാന തിരഞ്ഞെടുപ്പിലാണെന്നും സഖ്യത്തിലല്ലെന്നും അദ്ദേഹം വിമർശിച്ചു. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനായി രൂപീകരിച്ച 28 പാർട്ടികളുടെ സഖ്യത്തിൽ കാര്യമായി ഒന്നും നടക്കുന്നില്ലെന്നും ഇൻഡി മുന്നണി നിലനിൽക്കണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.