ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സർവ മീണ സമാജ് അദ്ധ്യക്ഷൻ ജഗദീഷ് സിംഗ് മീണയും അനുയായികളും ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രിയും ബിജെപിയുടെ മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവുമായ ഭൂപേന്ദർ യാദവിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.
പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക വിഭാഗങ്ങളോടും രാഷ്ട്രത്തോടും സനാതന ധർമ്മത്തോടുള്ള ആദർശങ്ങളോടും ബിജെപി കാണിക്കുന്ന സമീപനത്തിൽ ആകൃഷ്ടനായാണ് താൻ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നതെന്ന് പാർട്ടിയിൽ അംഗത്വമെടുത്തതിന് ശേഷം മീണ പ്രതികരിച്ചു
‘ഞാൻ ബിജെപി പ്രവർത്തകനായി പ്രവർത്തിക്കും, പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കും. പദവിയോട് അത്യാഗ്രഹമില്ല, ഒരു പ്രവർത്തകനാവുക എന്നതുതന്നെ വലിയ തസ്തികയാണ്, ഞാൻ ഒരു സാമൂഹിക പ്രവർത്തകനാണ്, സമൂഹത്തിന് വേണ്ടി പ്രവർത്തിക്കും.’- എന്ന് ജഗദീഷ് സിംഗ് മീണ പറഞ്ഞു. ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക മീണ വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.