ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയുടെ മഹത്വവും നേട്ടവും ഇന്ന് ആഗോളതലത്തിൽ പ്രശസ്തമാണ്. ഭൂമിയുടെ തണുത്ത കോണിലും ഇസ്രോ പ്രവർത്തിക്കുന്നുവെന്ന് എത്ര പേർക്കറിയാം?
ഭൂമിയിൽ സ്ഥിരമായി മനുഷ്യവാസമില്ലാത്ത ഒരേയൊരു പ്രദേശമാണ് അന്റാർട്ടിക. 1.4 കോടി ചതുരശ്രയടി കിലോമീറ്ററാണ് വിസ്തൃതി. ശൈത്യകാലത്ത് താപനില മൈനസ് 60 ഡിഗ്രിയും വേനൽക്കാലത്ത് മൈനസ് 28 ഡിഗ്രി സെൽഷ്യസുമായിരിക്കും. ശാസ്ത്രപരിവേഷങ്ങൾ ചെയ്യാനായി മാത്രമാണ് അന്റാർട്ടികയിൽ പ്രവേശിക്കാൻ കഴിയൂ. അന്റാർട്ടികയിലെ ഇസ്രോയുടെ സ്റ്റേഷന്റെ വിശേഷങ്ങൾ ഇതാ..
അന്റാർട്ടിക്കയിലെ ലാർസ്മാൻ ഹിൽസിലെ ഭാരതി സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന അന്റാർട്ടിക്ക ഗ്രൗണ്ട് സ്റ്റേഷൻ ഫോർ എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്സ് (AGEOS) ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്നു. കാർട്ടോസാറ്റ്-2 സീരീസ്, സ്കാറ്റ്സാറ്റ്-1, റിസോഴ്സ്സാറ്റ്-2/2എ, കാർട്ടോസാറ്റ്-1 എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ റിമോട്ട് സെൻസിംഗ് (ഐആർഎസ്) ഉപഗ്രഹങ്ങളിൽ നിന്ന് എജിഒഎസ് ഡാറ്റ സ്വീകരിക്കുന്നു. ശേഖരിച്ച ഡാറ്റ പിന്നീട് ഹൈദരാബാദിനടുത്തുള്ള ഷാദ്നഗറിലുള്ള നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിലേക്ക് (NRSC) കൈമാറുന്നു.
ഇന്ത്യയുടെ പര്യവേക്ഷണ-ഗവേഷണ കേന്ദ്രമായ ഭാരതിയിലെ ശാസ്ത്രജ്ഞരാണ് എജിഇഇഎസിന്റെ പ്രവർത്തനം സുഗമമാക്കുന്നത്. ധ്രുവ പ്രദേശങ്ങളിൽ എർത്ത് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് വഴി നിരവധി ഗുണങ്ങളാണ് ഇത് നൽകുന്നത്. ഭൂമിയുടെ ഉപരിതലത്തിന്റെ സമഗ്രമായ ചിത്രങ്ങൾ സ്റ്റേഷൻ നൽകുന്നത്. റിമോട്ട് സെൻസിംഗ് വഴി കൃഷി, ജലവിഭവങ്ങൾ, നഗരാസൂത്രണം, ഗ്രാമവികസനം, പരിസ്ഥിതി, വനം, സമുദ്രവിഭവങ്ങൾ, ദുരന്തനിവാരണം തുടങ്ങിയ വിവിധ മേഖലകളിലെ നിർണായക വിവരങ്ങൾ എജിഇഇഎസ് നൽകുന്നു. അന്റാർട്ടിക്കയിലെ മറ്റൊരു ഇന്ത്യൻ സ്റ്റേഷനായ മൈത്രിയിൽ ഗവേഷണം നടത്തുന്നതിൽ ഇന്ത്യൻ ശാസ്ത്രജ്ഞരെ പിന്തുണയ്ക്കുന്നതിൽ ഈ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്റ്റേഷൻ പ്രധാന പങ്ക് വഹിക്കുന്നു.
ഒരായിരം രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ഇടമാണ് അന്റാർട്ടിക്ക. അതിനാൽ തന്നെ എല്ലാ മേഖലകളെക്കുറിച്ചുമുള്ള പഠനം ഇവിടെ നടക്കുന്നുണ്ട്. ധ്രുവമായതിനാൽ ഭൂമിയുടെ കാന്തിക ശക്തിയും, അന്യഗ്രഹങ്ങളെക്കുറിച്ചുമെല്ലാം പഠിക്കാം. കാലാവസ്ഥാ വ്യതിയാന പഠനത്തിന്റെ ഇടമാണ് ഇവിടം. മഞ്ഞുമലകൾ ഉരുകുന്നതും സസ്യ വൈവിധ്യങ്ങളും മത്സ്യ ഗവേഷണവും ഓസോൺ പാളിയിലെ വലിയ ദ്വാരം അന്റാർട്ടിക്കയുടെ മുകളിലാണ്. അതിനെക്കുറിച്ചെല്ലാം ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്.















