ജമ്മു കശ്മീരിൽ അനുദിനം മാറ്റങ്ങൾ സംഭവിക്കുകയാണ്. പ്രദേശത്തെ ജനങ്ങൾ സമാധാനവും സന്തോഷവും അനുഭവിക്കുകയാണ്. സ്ത്രീകൾ ഭയപ്പെടാതെ നിരത്തുകളിൽ ഇറങ്ങുന്നു, കുട്ടികൾ ഉല്ലസിക്കുന്നു.. സമാധാനാന്തരീക്ഷം സംജാതമായതോടെ നിരവധി പദ്ധതികളാണ് പ്രദേശത്ത് നടക്കുന്നത്.
അത്തരത്തിൽ പ്രാദേശിക കരകൗശല വിദഗ്ധരെ ശാക്തീകരിക്കുന്നതിനായി ‘ഡൈയിംഗ് വർക്ക്ഷോപ്പ്’ സംഘടിപ്പിച്ചിരിക്കുകയാണ് പ്രകൃതി സംരക്ഷണ സംഘടനയായ ഇക്കോകാഷ് (EcoKash). ശ്രീനഗറിലായിരുന്നു ഈ ബൃഹത്തായ ശിൽപശാല സംഘടിപ്പിച്ചത്. പ്രകൃതിദത്ത ചായങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച്, ടെക്സ്റ്റൈൽ നിർമ്മാണ മേഖലയിൽ കരകൗശല വിദഗ്ധർക്ക് തൊഴിൽ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. പരിസ്ഥിതിക്കും മനുഷ്യനും ഹാനികരമായ സിന്തറ്റിക് ചായങ്ങൾക്ക് പകരമായി പ്രകൃതിദത്ത ചായങ്ങൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു ശിൽപശാല.
സസ്യങ്ങൾ, വേരുകൾ, പൂക്കൾ, മറ്റ് പ്രകൃതിദത്ത സ്രോതസ്സുകൾ എന്നിവയിൽ നിന്ന് ചായങ്ങൾ വേർതിരിച്ചെടുക്കുന്നതുൾപ്പെടെയുള്ള പ്രകൃതിദത്ത ഡൈയിംഗിന്റെ വിവിധ സാങ്കേതിക വിദ്യകളെക്കുറിച്ച് ശിൽപശാലയിൽ പങ്കെടുത്തവർക്ക് പരിശീലനം നൽകി. മഞ്ഞൾ, മൈലാഞ്ചി തുടങ്ങിയ വ്യത്യസ്ത പ്രകൃതിദത്ത ചായങ്ങളുടെ ഗുണങ്ങളെക്കുറിച്ചും പ്രയോജനങ്ങളെ കുറിച്ചും വർക്ക്ഷോപ്പിൽ പരാമർശിച്ചു. ജലാശയങ്ങളിലും മണ്ണിലും മറ്റ് ആവാസവ്യവസ്ഥകളിലും സിന്തറ്റിക് ഡൈകൾ ഉപയോഗിക്കുന്നത് വഴി ഉണ്ടാകുന്ന ദോഷഫലങ്ങളെ കുറിച്ചും ചർച്ച ചെയ്തു.
പ്രാദേശിക കരകൗശല തൊഴിലാളികൾക്ക് അവരുടെ കഴിവുകളും കരകൗശല നൈപുണ്യവും പ്രകടിപ്പിക്കാൻ ശിൽപശാല ഒരു വേദിയൊരുക്കി എന്നത് ശ്രദ്ധേയമാണ്. ഭാവി പദ്ധതികൾ സംബന്ധിച്ച് ആശയങ്ങൾ കൈമാറാനും അനുഭവങ്ങൾ പങ്കിടാനും പരസ്പരം സഹകരിക്കാനും കരകൗശല വിദഗ്ധർക്ക് കഴിഞ്ഞു. പരമ്പരാഗത അറിവുകൾ സംരക്ഷിക്കാനും തുണി വ്യവസായത്തിൽ സുസ്ഥിരമായ രീതികൾ വളർത്താനും സഹായകമായിരുന്നു ശിൽപശാല എന്ന് പങ്കെടുത്തവർ കൂട്ടത്തോടെ പറയുന്നു. ഫാഷൻ വ്യവസായത്തിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ രീതികൾ സ്വീകരിക്കാൻ കൂടുതൽ ഡിസൈനർമാർ, കരകൗശല വിദഗ്ധർ, ഉപഭോക്താക്കൾ എന്നിവരെ ശിൽപശാല പ്രചോദിപ്പിക്കുമെന്നാണ് പ്രതീക്ഷ.