ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപി പാനൽ പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് വിശാഖപട്ടണം സ്വദേശിയായ ഷെയ്ഖ് ആയേഷയാണ്. കെമിസ്ട്രി ഗവേഷക വിദ്യാർത്ഥിനിയാണ് ആയിഷ.
നവംബർ 9-നാണ് സർവ്വകലാശാല തിരഞ്ഞെടുപ്പ് നടക്കുന്നത്. എസ്എഫ്ഐ-എഎസ്എ-ടിഎസ്എഫ് സഖ്യത്തിന്റെ സ്ഥാനാർത്ഥി മുഹമ്മദ് അതീഖ് അഹമ്മദിന്റെ എതിരാളിയായാണ് ആയേഷ എത്തുന്നത്.
സർവ്വകലാശാലയിലെ മറ്റ് സ്ഥാനാർത്ഥികളുടെ പേരുവിവരങ്ങളും എബിവിപി പുറത്തുവിട്ടു. ഇക്കണോമിക്സിൽ ഗവേഷക വിദ്യാർത്ഥിയായ സേവ ലാൽ ആണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. കൂടാതെ കൾച്ചറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഫിലോസഫി ഗവേഷക വിദ്യാർത്ഥിയായ ആന്റണി ബസുമതിയാണ്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇക്കണോമിക്സിലെ ഗവേഷകനായ രാജേഷ് പാലിയ, പൊളിറ്റിക്കൽ സയൻസിലെ ഇന്റഗ്രേറ്റഡ് എംഎ വിദ്യാർത്ഥിയായ റാത്തോഡ് വസന്ത് കുമാർ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. സ്പോർട്സ് സെക്രട്ടറി സ്ഥാനത്തേക്ക്് എം.എ ഹിന്ദി വിദ്യാർത്ഥിനി ജ്വാല പ്രസാദും മത്സരിക്കും.