ഹോളിവുഡ് താരം ഇവാൻ എല്ലിംഗ്സണെ മരിച്ച നിലയിൽ കണ്ടെത്തി. കാലിഫോർണിയയിലെ ഫൊണ്ടാനിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 35 വയസായിരുന്നു. ഞായറാഴ്ചയാണ് സംഭവം. ബാലതാരമായി നിരവധി ഹോളിവുഡ് ചിത്രങ്ങളിൽ ശ്രദ്ധ പിടിച്ചുപ്പറ്റിയ താരമാണ് ഇവാൻ.
മരണകാരണമെന്തെന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇവാന് മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതിൽ നിന്നും മുക്തനായി വരികയായിരുന്നുവെന്നും താരത്തിന്റെ പിതാവ് പറഞ്ഞു. കൗമര കാലഘട്ടത്തിൽ തന്നെ അഭിനയരംഗത്ത് സജീവമായിരുന്നു ഇവാൻ. ജനറൽ ഹോസ്പിറ്റൽ, ടൈറ്റസ്, ദാറ്റ് വാസ് ദെൻ, മാഡ് ടി.വി, ബോൺസ്, 24 തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ ഇവാൻ ജനമനസുകളിൽ ഇടംനേടി. തുടർന്നായിരുന്നു ബിഗ് സ്ക്രീനിലേക്കുള്ള ചുവടുവെയ്പ്പ്.
2009-ൽ പുറത്തിറങ്ങിയ മൈ സിസ്റ്റേഴ്സ് കീപ്പർ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ഇതിൽ കാമറൂൺ ഡയസിന്റെ മകനായാണ് ഇവാൻ അഭിനയിച്ചത്. 2010-ൽ പുറത്തിറങ്ങിയ സി.എസ്.ഐ: മിയാമിയിലാണ് താരം അവസാനമായി അഭിനയിച്ചത്. മൂന്ന് സീസണുകളിലായെത്തിയ സീരീസിലെ കെയ്ൽ ഹാർമൺ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.















