ചന്ദ്രയാൻ 3-യുടെ വിജയം ഓരോ ഭാരതീയനിലും അഭിമാനംകൊള്ളിച്ചപ്പോൾ ആ വിജയത്തിനു പുറകിൽ പ്രവർത്തിച്ച കൈകളെ നാം ഒരിക്കലും മറന്നിരുന്നില്ല. ചന്ദ്രയാൻ-3യുടെ വിജയക്കുതിപ്പിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ചന്ദ്രയാൻ-3 പ്രൊജക്ട് ഡയറക്ടർ ഡോ. പി വീരമുത്തുവേൽ. ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ നിർണായക പങ്ക് വഹിച്ച അദ്ദേഹം ഇപ്പോൾ ഏവർക്കും മാത്യകയായിരിക്കുകയാണ്. രാജ്യത്തിന് നൽകിയ സംഭാവനകൾ വിലയിരുത്തി തമിഴ്നാട് സംസ്ഥാന സർക്കാർ അദ്ദേഹത്തിന് ഗാന്ധി ജയന്തി ദിനത്തിൽ പുരസ്‌കാരം സമ്മാനിച്ചിരുന്നു. പുരസ്‌കാര തുകയായി ലഭിച്ച 25 ലക്ഷം രൂപ, തന്നെ ഒരു ശാസ്ത്രജ്ഞനായി മാറ്റിയെടുക്കാൻ സഹായിച്ച വിദ്യാഭ്യാസ സ്ഥാപനത്തിന് കൈമാറാൻ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം.
” ഞാൻ ഒരു ദരിദ്ര കുടുംബത്തിൽ നിന്നുമാണ് വരുന്നത്. പഠിച്ചതൊക്കെയും റെയിൽവേയുടെ സ്‌കൂളിൽ. അതുകൊണ്ടുതന്നെ പണത്തിനോട് എനിക്ക് അമിതമായ ആഗ്രഹം തോന്നിയിട്ടില്ല. ഐഎസ്ആർഒയിലെ ജോലിയിലൂടെ ഭാരതത്തെ സേവിക്കാനും രാജ്യത്തിന്റെ വികസനത്തിൽ പങ്കാളിയാകാനും സാധിക്കുന്നതിൽ എനിക്ക് ഒരുപാട് സംതൃപ്തിയുണ്ട്. എന്റെ തൊഴിലിലൂടെ എനിക്കെന്റെ വേതനം ലഭിക്കുന്നുണ്ട്. ഈ 25 ലക്ഷം രൂപ എന്നെ ഞാനാക്കി മാറ്റിയ കോളേജിന് സമർപ്പിക്കുന്നു”- ഡോ. വീരമുത്തുവേൽ പറഞ്ഞു.
ബാങ്കിൽ നിന്നും വായ്പ എടുത്താണ് സ്വന്തമായി അദ്ദേഹം ഒരു വീട് നിർമ്മിച്ചത്. ബാങ്കിന്റെ വായ്പ ഇപ്പോഴും അടച്ചുതീർത്തിട്ടില്ലെന്നും എന്നാൽ ഈ പണം വാങ്ങുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 25 ലക്ഷം രൂപ എലുമലയിലെ പോളിടെക്‌നിക്ക് കോളേജിന്റെ വികസനത്തിന് സംഭാവന ചെയ്യാൻ ഡോ.പി വീരമുത്തുവേൽ ആഗ്രഹിക്കുന്നതായി ഐഎസ്ആർഒ അഡീഷണൽ സെക്രട്ടറി സന്ധ്യ വേണുഗോപാൽ ശർമ തമിഴ്‌നാട് സർക്കാരിനെ അറിയിച്ചു.