കോട്ടയം: ഭർത്തൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. അതിരമ്പുഴയിൽ 24 വയസുകാരി ഷൈമോൾ സേവ്യർ തൂങ്ങിമരിച്ച സംഭവത്തിലാണ് ഭർത്താവ് അനിൽ വർക്കിയെ അറസ്റ്റ് ചെയ്തത്. ഭർത്താവും ബന്ധുക്കളും ചേർന്ന് മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന്് ആരോപിച്ച് കുടുംബം നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
സ്ത്രീധനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അതിരമ്പുഴ സ്വദേശിനി ഷൈമോളെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാല് വർഷം മുൻപാണ് ഓട്ടോ ഡ്രൈവറായ അനിലുമായി ഷൈമോളുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. സന്തോഷകരമായി തുടങ്ങിയ ജീവിതത്തിൽ പിന്നീട് അസ്വാരസ്യങ്ങൾ ഉടലെടുക്കുകയായിരുന്നു.
ഞായറാഴ്ച സ്വന്തം വീട്ടിലെത്തിയ ഷൈമോൾ ഇനി പ്രശ്നങ്ങളുണ്ടാകില്ലെന്ന് അനിലിന്റെ വീട്ടുകാർ നൽകിയ ഉറപ്പിലാണ് മടങ്ങി പോയത്. എന്നാൽ ചൊവ്വാഴ്ച രാവിലെ അമ്മയെ ഫോണിൽ വിളിച്ച ഷൈമോൾ വീണ്ടും അനിലിന്റെ ഉപദ്രവത്തെ കുറിച്ച് പറഞ്ഞു. പിന്നീട് ഒരു മണിക്കൂറിനു ശേഷം ഷൈമോളുടെ മരണ വാർത്തയാണ് കുടുംബം അറിയുന്നത്. ഷൈമോളുടെ ചെവിയിൽ നിന്ന് ചോര വരുകയും കൈത്തണ്ടയിൽ പാടുകളും ഉണ്ടായിരുന്നു. ഇതോടെയാണ് മരണത്തിൽ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നൽകിയത്.