മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്ക്. രാവിലെ ഏഴ് മണിയോടെ കിൻഫ്രയ്ക്ക് സമീപം പള്ളിപ്പടിയിലാണ് അപകടം നടന്നത്. കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർ ദിശയിൽ വന്ന ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവറടക്കം 20 പേർക്ക് പരിക്കേറ്റു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും മറ്റുള്ളവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയതായി പോലീസ് അറിയിച്ചു. സ്വകാര്യ ബസിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു.