ഇടുക്കി: ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. 301 കോളനിയിലെ ഗോപി (50), സജീവൻ(45) എന്നിവരെയാണ് സ്വന്തം വള്ളം മറിഞ്ഞ് കാണാതായത്. ആനയിറങ്കലിൽ നിന്നും സാധനങ്ങൾ വാങ്ങി കോളനിയിലേക്ക് തിരിച്ച് വരുന്നതിനിടെയാണ് അപകടം.
പ്രദേശവാസികൾ അപകടം കണ്ട് ഓടി എത്തിയെങ്കിലും രക്ഷിക്കാനായില്ല. ഒരാൾ നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മുങ്ങി പോവുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. ചതുപ്പ് പ്രദേശം ആയതിനാൽ തന്നെ തിരച്ചിൽ ദുഷ്കരമാണെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.