ടെൽ അവീവ്: ആശുപത്രികളേയും സാധാരണക്കാരായ ആളുകളേയും മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്ന ഹമാസിനെതിരെ രൂക്ഷ വിമർശനവുമായി യൂറോപ്യൻ യൂണിയൻ. ഹമാസിന്റെ പ്രവർത്തികൾ അത്യന്തം അപലപനീയമാണെന്നും യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഹമാസിന്റെ ഭാഗത്ത് നിന്നുള്ള നീക്കങ്ങൾ ഇത്തരത്തിലുള്ളതാണെന്നിരിക്കെ, സാധാരണക്കാരായ ആളുകളെ സംരക്ഷിക്കുന്നതിന് വേണ്ടി ഇസ്രായേലും പരമാവധി സംയമനം പുലർത്തണമെന്നും യൂറോപ്യൻ യൂണിയൻ അഭ്യർത്ഥിച്ചു.
”ആശുപത്രികളിലേക്ക് അടിയന്തര സഹായങ്ങൾ എത്തിക്കണം. വൈദ്യസഹായം ആവശ്യമുള്ള രോഗികളെ സുരക്ഷിതമായി ഇത്തരത്തിലുള്ള ആശുപത്രികളിൽ നിന്ന് ഒഴിപ്പിക്കുകയും വേണം. രോഗികളുടെ ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിൽ അവരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്ന നീക്കങ്ങൾ അപലപനീയമാണ്. ആശുപത്രി ജീവനക്കാരേയും സാധാരണക്കാരേയും ഭയപ്പെടുത്തുന്ന കാര്യങ്ങളാണിത്. അതേപോലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമം ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുകയാണെന്നും” പ്രസ്താവനയിൽ പറയുന്നു.
ആശുപത്രികളുടെ സമീപത്ത് കമാൻഡ് സെന്ററുകളും, ഭൂഗർഭ കേന്ദ്രങ്ങളും ഹമാസ് സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തേയും പുറത്ത് വന്നിരുന്നു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളായ അൽ ഷിഫയും അൽ ഖുദ്സും ഹമാസ് ഭീകരർ ഇത്തരത്തിൽ ദുരുപയോഗിച്ചിരുന്നു. ആവശ്യക്കാർക്ക് ആരോഗ്യ സേവനങ്ങൾ കിട്ടാതായതോടെ ഈ ആശുപത്രികളുടെ പ്രവർത്തനം നിർത്തി വയ്‌ക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ ആശുപത്രികൾ തങ്ങൾ കവചമായി ഉപയോഗിക്കുന്നുണ്ടെന്ന പ്രചാരണം തെറ്റാണെന്നാണ് ഹമാസിന്റെ വിശദീകരണം.