അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. വരുന്ന ജനുവരിയിൽ ഭക്തർക്കായി തുറന്ന് നൽകും. ഇതിനിടെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച ചിത്രങ്ങളാണ് പുറത്തുവരുന്നത്.
ക്ഷേത്രത്തിൽ അഞ്ചു മണ്ഡപങ്ങൾ ആണ് നിർമ്മിക്കുന്നത്. ഗുധ മണ്ഡപം, രംഗ മണ്ഡപം, നൃത്യ മണ്ഡപം, പ്രാർത്ഥനാ മണ്ഡപം, കീർത്തന മണ്ഡപം എന്നിവയാണ് ഉള്ളത്.

അഞ്ച് മണ്ഡപങ്ങളുടെയും കുംഭ ഗോപുരങ്ങൾക്ക് 34 അടി വീതിയും 32 അടി നീളവുമുണ്ട്. കൂടാതെ 69 അടി മുതൽ 111 അടി വരെ ഉയരവും ഉണ്ടാകും.
ശ്രീകോവിലിന്റെ ആകെ വിസ്തീർണ്ണം 403.34 ചതുരശ്ര അടിയാണ്. തേക്കുതടി കൊണ്ടുണ്ടാക്കിയ 46 വാതിലുകളും ക്ഷേത്രത്തിൽ ഉണ്ടാകും. മക്രാന മാർബിൾ ഉപയോഗിച്ചാണ് തൂണുകൾ, ബീമുകൾ, സീലിംഗ്, മതിൽ എന്നിവ നിർമിക്കുന്നത്.

കാലാവസ്ഥാ വെല്ലുവിളികൾ കണക്കിലെടുത്ത് 392 തൂണുകളും രൂപകല്പന ചെയ്തിട്ടുണ്ട്. നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിൽ ദീപാവലി ആഘോഷം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.















