ലക്നൗ: രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള പത്ത് കോടി കുടുംബങ്ങളെ അയോദ്ധ്യയിലെ ചടങ്ങുകളുടെ ഭാഗമാകാൻ ക്ഷണിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്. അയോദ്ധ്യയിലെ ചടങ്ങുകൾക്കൊപ്പം പത്ത് കോടി പേർ പൂജയും നാമജപവും നടത്തുമെന്ന് വിഎച്ച്പി വർക്കിംഗ് പ്രസിഡന്റ് അഡ്വ. അലോക് കുമാർ പറഞ്ഞു.
ശ്രീരാമന്റെ അയോദ്ധ്യയിലേക്കുള്ള മടങ്ങിവരവ് ദീപാവലിയായി രാജ്യം ആഘോഷിച്ചു. 500 വർഷത്തിന് ശേഷം ജന്മസ്ഥലത്തേക്ക് രാമൻ മടങ്ങിയെത്തുന്ന ദിനമായ ജനുവരി 22-ന് ലോകം മുഴുവൻ രണ്ടാം ദീപാവലി ആഘോഷിക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 22-ന് ലോകമാകെയുള്ള ഹിന്ദു സമൂഹം അവരുടെ സമീപത്തെ ക്ഷേത്രങ്ങളെ അയോദ്ധ്യയാക്കി മാറ്റി പൂജയും ആരാധനയും നടത്തും. ‘ശ്രീരാം ജയറാം ജയജയ റാം’ എന്ന മന്ത്ര ധ്വനികളുമായി ലക്ഷക്കണക്കിന് ഗ്രാമങ്ങളിൽ അയോദ്ധ്യ സൃഷ്ടിക്കും. അയോദ്ധ്യയിലെ മന്ദിരത്തിന്റെ ഉദ്ഘാടനം എല്ലായിടത്തും തത്സമയം കാണിക്കും- അലോക് കുമാർ പറഞ്ഞു.
അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ജീവൻ ബലിയർപ്പിച്ച നിരവധി ആളുകളുണ്ട്. അവരുടെ കുടുംബാംഗങ്ങളെ ശ്രീരാമ ഭഗവാനെ കാണാനുള്ള അവസരമൊരുക്കണം. ദർശനത്തിന് ക്രമീകരണമൊരുക്കും. രാജ്യത്തെ 45 പ്രവിശ്യകളാക്കി തിരിച്ച് ഓരോ സ്ഥലത്തുനിന്നുമുള്ള ബലിദാനികളുടെ കുടുംബങ്ങൾക്ക് അയോദ്ധ്യയിൽ ദർശനം നടത്താൻ വിഎച്ച്പി സംവിധാനം ഒരുക്കും. ജനുവരി 27 മുതൽ ഫെബ്രുവരി 22 വരെ ഇത്തരത്തിൽ ഒരുലക്ഷത്തോളം പേർ രാമക്ഷേത്രത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങുകളിൽ പ്രധാനപ്പെട്ട മഠങ്ങളിലെയും പരമ്പരകളിലെയും നാലായിരത്തോളം പേരാകും പങ്കെടുക്കുകയെന്ന് വിഎച്ച്പി അറിയിച്ചിട്ടുണ്ട്.















