കണ്ടാലും കണ്ടാലും മതിവരാത്ത മനോഹര കാഴ്ചയാണ് മഴവില്ല്. മഴവില്ലിന്റെ സപ്തനിറങ്ങളെ പ്രകീർത്തിച്ചെഴുതിയ കവിതകളും കളകളും നിരവധിയാണ്. ഏഴ് നിറങ്ങൾ ഒന്നിക്കുമ്പോൾ ലഭിക്കുന്നത് വല്ലാത്ത അനുഭൂതിയാണ്. എന്നാൽ ഇത്തരത്തിൽ രണ്ട് മഴവില്ല് ഒരേ സമയം കണ്ടാലോ? അത്ഭൂതവും കൗതുകവും സമന്വയിക്കുന്ന നിമിഷമാകും അത്. അത്തരത്തിലൊരു നിമിഷത്തിനാണ് ബെംഗളൂരു നഗരം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.
ഇരട്ട മഴവില്ലിന്റെ സൗന്ദര്യത്തിലായിരുന്നു ബെംഗളൂരു. നിരവധി പേരാണ് ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. സൂര്യപ്രകാശത്തിന്റെ ഇരട്ട പ്രതിഫലനമാണ് ഇരട്ട മഴവില്ലിന് കാരണമെന്നാണ് ശാസ്ത്രലോകം പറയുന്നത്.
WHAAAAAT A BRILLIANT sight 😍
Just sighted this awesome #DoubleRainbow in #Bengaluru !#Rainbow #Nature pic.twitter.com/j8yOKZCfGv
— Dr. T R B Rajaa (@TRBRajaa) November 7, 2023
ചില പ്രത്യേക സാഹചര്യങ്ങളിലാണ് നമ്മൾ മഴവില്ലിനെ കാണുന്നത്. സൂര്യപ്രകാശത്തോടൊപ്പം ജലകണികകളും ഉണ്ടായിരിക്കണം. അത് മഴത്തുള്ളികൾതന്നെ ആവണമെന്നില്ല, വെള്ളച്ചാട്ടത്തിന്റെ അടുത്ത് ചിതറിവരുന്ന ജലകണികകളോ കൃത്രിമമായി സ്പ്രേ ചെയ്ത കണികകളോ ആവാം. ഇങ്ങനെ ചെയ്യുമ്പോൾ സൂര്യൻ നമുക്ക് പിന്നിലും ജലകണികകളുള്ള അന്തരീക്ഷം മുന്നിലും ആയിരിക്കണം.
പിന്നിൽനിന്നുവരുന്ന സൂര്യപ്രകാശം മുന്നിലുള്ള ജലകണികകളിൽത്തട്ടി പ്രതിഫലിച്ച് നമ്മുടെ കണ്ണിൽ എത്തുമ്പോഴാണ് മഴവില്ല് ദൃശ്യമാവുന്നത്. സൂര്യൻ നമുക്ക് പിന്നിലായിവരുന്നത് രാവിലെയോ വൈകുന്നേരമോ ആയിരിക്കും. അതിനാൽ മഴവില്ല് കാണുന്നതും ഈ സമയങ്ങളിലാണ്. സൂര്യപ്രകാശത്തിന്റെ ഇരട്ട പ്രതിഫലനമാണ് ഇരട്ട മഴവില്ലിന് ഇടയാക്കുന്നത്.