പാമ്പുകൾക്ക് പുതുജീവൻ നൽകുന്ന നിരവധി സംഭവങ്ങൾ നമ്മൾ ഇതിനോടകം കണ്ടിട്ടുണ്ട്. നേരത്തെ പൈപ്പിൽ കുടുങ്ങി അവശനിലയിലായ പാമ്പിന് പോലീസ് ഉദ്യോഗസ്ഥൻ സിപിആർ നൽകി ജീവൻ രക്ഷിച്ചതടക്കമുള്ള സംഭവങ്ങൾ നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ അപകടം പറ്റിയ പാമ്പിന് കൃതൃമ ശ്വാസം നൽകി ജീവൻ രക്ഷപ്പെടുത്തിയിരിക്കുകയാണ് ഒരു ഡോക്ടർ. അതും ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിന്. കർണ്ണാടകയിലാണ് സംഭവം.
കർണാടകയിലെ റായ്ചൂർ ജില്ലയിലെ റെയിൽവേ ക്രോസിന് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ഒരു മൂർഖൻ പാമ്പ് കയറിക്കൂടുകയായിരുന്നു. കാറിനുള്ളിൽ പാമ്പിനെ കണ്ടതോടെ ഉടമ പരിഭ്രാന്തനായി. തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചു. കാറുടമയും നാട്ടുകാരും കിണഞ്ഞ് ശ്രമിച്ചിട്ടും പാമ്പിനെ പുറത്തിറക്കാൻ കഴിഞ്ഞില്ല. ഒടുവിൽ പാമ്പിനെ പുറത്തെത്തിക്കാൻ കാറിനകത്ത് നാട്ടുകാർ ഫിനോയിൽ തളിച്ചു. ഫിനോയിൽ പ്രയോഗിച്ചതോടെ പാമ്പ് അബോധാവസ്ഥയിലായി.
ഇതേസമയം സംഭവ സ്ഥലത്തെത്തിയ ഒരു ഡോക്ടർ പാമ്പിനെ പുറത്തെടുത്ത് പരിശോധിച്ചു. അപ്പോൾ പാമ്പിന് ചലനമുണ്ടായിരുന്നില്ല. പാമ്പ് ചത്തെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ കുറച്ചു നേരം കഴിഞ്ഞപ്പോൾ പാമ്പ് ചെറുതായി അനങ്ങുന്നത് കണ്ടു. തുടർന്ന് ഒരു പൈപ്പ് സംഘടിപ്പിച്ച് പാമ്പിന്റെ വായയിൽ തിരുകി കൃത്രിമ ശ്വാസം നൽകാൻ ശ്രമിച്ചു. എന്നാൽ ശ്രമം വിഫലമാവുകയായിരുന്നു.
ഒടുവിൽ ഡോക്ടർ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ച് ഓക്സിജൻ നൽകി മൂർഖൻ പാമ്പിന്റെ ജീവൻ രക്ഷിക്കുകയായിരുന്നു. ചലനശേഷി തിരിച്ചുകിട്ടിയ പാമ്പിനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജലദുർഗ വനത്തിലേക്ക് തുറന്നുവിട്ടു.