യക്ഷനാരിമാർക്ക് അഷ്ടസിദ്ധി പ്രദാനം ചെയ്ത ലീലയാണ് ഇത്. കൈലാസാദി ശിവക്ഷേത്രങ്ങളും മറ്റ് ശിവലിംഗങ്ങളും ഉത്ഭവിക്കുന്നതിന് മുൻപ് ഹാലാസ്യത്തിന്റെ മധ്യഭാഗത്ത് സപ്ത പാതാളമൂലത്തിൽ നിന്ന് സുന്ദരേശ ലിംഗം ഉണ്ടായി. അതുകൊണ്ട് ഹാലാസ്യത്തിലെ ലിംഗത്തിന് മൂലലിംഗം എന്നും പേരുണ്ട്. ഈ ലിംഗാവിർഭാവത്തിനു ശേഷമാണ് മറ്റു ശിവലിംഗങ്ങൾ ഉണ്ടായത് അതുകൊണ്ട് സുന്ദരേശ ലിംഗം സർവലിംഗാത്മകമാണ്.
ലിംഗ സ്വരൂപിയും കൈലാസവാസിയുമായ ശിവഭഗവാൻ ഒരു പേരാലിന്റെ ചുവട്ടിൽ ഇരുന്ന് ഭക്താ ഗ്രേസരനായ നന്ദ്യാദി ഭൂതഗണങ്ങൾക്കും സനകാദി മുനിക്കും വേണ്ടി ശൈവധർമ്മങ്ങളും ശാസ്ത്രസാരങ്ങളും വേദങ്ങളും തത്വജ്ഞാനങ്ങളും ഉപദേശിച്ചു. സർവ്വജ്ഞനായ ഈശ്വരൻ ഇങ്ങനെ ഉപദേശങ്ങൾ നൽകിക്കൊണ്ടിരുന്നപ്പോൾ സ്ക്കന്ദന്റെ മാതൃസ്ഥാനമുള്ള ആറ് യക്ഷിണിമാർ ഭസ്മരുദ്രാക്ഷാദികൾ ധരിച്ച് ഭക്തിയോടെ ഭഗവാനെ പ്രണമിച്ചു സ്തുതിച്ചു. അതിനുശേഷം ഇങ്ങനെ അപേക്ഷിച്ചു.
“സംസാര വിനാശന എട്ടു സിദ്ധികളും അരുളി ഞങ്ങളെ അനുഗ്രഹിക്കേണമേ..”
കൃപാ നിധിയായ ഭഗവാൻ പ്രസന്നനായി ഇങ്ങനെ അരുളി.
“ഞാൻ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുക സർവത്രപൂർണ്ണയായും നിത്യയായും സർവ്വജ്ഞയായും പരാശക്തിയെ ധ്യാനിച്ചാൽ ആ ദേവി പ്രസന്നയാവുകയും അഷ്ട സിദ്ധികളും പ്രദാനം ചെയ്യുകയും ചെയ്യും. ആദരപൂർവ്വം ദേവിയെ സേവിച്ചാൽ മാത്രം മതി. എങ്ങനെയാണ് ദേവിയെ സേവിക്കേണ്ടത് എന്നും പറഞ്ഞുതരാം. 9 ശക്തിയോടുകൂടിയവളും ഒമ്പത് നാദങ്ങളുടെ രൂപത്തോടുകൂടിയവളും അണിമാദി അഷ്ട സിദ്ധികളോട് കൂടിയവളും മറ്റനേകം ശക്തിയോടുകൂടിയവളും ആയ പരാശക്തി എന്റെ മടിയിൽ വസിക്കുന്നു.. ആ ദേവിയെ ഞാൻ തന്നെ എന്ന മനോഭാവത്തോടുകൂടി പൂജിക്കണം.
ജ്ഞാതൃ – ജ്ഞേയ – ജ്ഞാന രൂപത്തിലുള്ളതും പൂർണ്ണവും പരവുമായ ആ ജ്യോതിസിനെ നിത്യവും വണങ്ങി ശീലിക്കണം.(ജ്ഞാതൃരൂപം – അറിയുന്ന രൂപം,ജ്ഞേയരൂപം – അറിയേണ്ടതായ രൂപം, ജ്ഞാന രൂപം – അറിവിന്റെ രൂപം, പരം – ശ്രേഷ്ഠം) ദുഃഖങ്ങളെ നശിപ്പിച്ച് എല്ലാവിധ ആനന്ദവും പ്രദാനം ചെയ്യുന്ന മഹാദേവിയുടെ മൂലവിദ്യയെ സർവദാ ഭക്തിയോടുകൂടി ജപിക്കണം. അപ്പോൾ സർവ സിദ്ധികളും ഉണ്ടാകും.
ഇപ്രകാരം മഹാദേവൻ ആദരപൂർവ്വം പറഞ്ഞ കാര്യങ്ങൾ യക്ഷനാരിമാർ പക്ഷെ ശ്രദ്ധിച്ചു കേട്ടില്ല. അവരുടെ അനാദരവും അവഗണനയും കണ്ടപ്പോൾ മഹാദേവൻ അവരെ ശപിച്ചു, ഞാൻ അത്യാദരവോടുകൂടി പറഞ്ഞതിൽ നിങ്ങൾക്ക് അല്പം പോലും ശ്രദ്ധയുണ്ടായില്ല. അതുകൊണ്ട് ജ്ഞാനം ഉണ്ടാവുകയില്ല മാത്രമല്ല അജ്ഞാനത്താൽ ഭൂമിയിൽ ശിലകളായി വസിക്കുക.”
ശാപവചനം കേട്ടപ്പോൾ യക്ഷിണിമാർ ഭയന്ന് വിറച്ച് നാനാ സ്തോത്രങ്ങളാൽ ഭഗവാനെ സ്തുതിച്ചുകൊണ്ട് ഇങ്ങനെ പ്രാർത്ഥിച്ചു.
“ശിലാ രൂപം കൈക്കൊള്ളുമ്പോൾ ഞങ്ങൾ എവിടെയാണ് വസിക്കുന്നത് എന്നും എന്നാണ് അങ്ങയുടെ പാദ സമീപത്തിൽ വരാൻ സാധിക്കുന്നത് എന്നും കൽപ്പിക്കാമോ..”
ഈ പ്രാർത്ഥന കേട്ടപ്പോൾ പരമേശ്വരൻ അവർക്ക് ശാപമോക്ഷം നൽകി. അത് ഇങ്ങിനെയാണ്.
“പാണ്ഡ്യദേശത്തിൽ “ശ്രീപട്ടമംഗലം” എന്ന് പേരോട് കൂടിയ ഒരു ഗ്രാമമുണ്ട്. അവിടെ പരിശുദ്ധവും ദിവ്യ ശക്തികൾ ഉള്ളതുമായ ഒരു വടവൃക്ഷമുണ്ട്. അതിന്റെ ഉന്നതമായ കൊമ്പുകളിൽ മേഘങ്ങൾ വിശ്രമിക്കുന്നു. ശ്യാമളമായ ഇലകളാൽ കോമളമായ കൊമ്പുകളോട് കൂടിയ വടവൃക്ഷത്തിന് വളരെ വിസ്തീർണ്ണം ഉണ്ട്. അതിന്റെ കീഴിൽ ആയിരം വർഷം ശിലയായി വസിക്കുക. വളരെക്കാലം മുമ്പ് തന്നെ എന്റെ സാന്നിധ്യം കൊണ്ട് വിരാജിക്കുന്ന ലിംഗത്തിൽ നിന്ന് ഞാൻ ഗുരുമൂർത്തിയായി വന്ന് അഷ്ടസിദ്ധികളും ഉപദേശിക്കാം. അപ്പോൾ നിങ്ങളുടെ ശാപം തീരും. പിന്നീട് മനോഹര രൂപത്തോടുകൂടി നിങ്ങൾ എന്റെ സമീപം വരിക.”
കൃപാധിയും സാംബനുമായ ശ്രീ പരമേശ്വരൻ ഇങ്ങനെ അരുളിയപ്പോൾ യക്ഷിണിമാർക്ക് തെറ്റ് ചെയ്തതിൽ ദുഃഖവും ഭഗവാന്റെ അനുഗ്രഹം ലഭിച്ചതിൽ സന്തോഷവും ഉണ്ടായി. നിഗ്രഹാനുഗ്രഹ ശക്തനായ ഭഗവാന്റെ ശാപപ്രകാരം യക്ഷനാരിമാർ പേരാലിന്റെ ചുവട്ടിൽ വസിച്ചു. ശങ്കര ഭഗവാൻ നന്ദിയോടൊപ്പം അപ്രത്യക്ഷനായി.
ആയിരം വർഷം കഴിഞ്ഞപ്പോൾ ശ്രീ പരമേശ്വരൻ ഹാലാസ്യക്ഷേത്രത്തിലെ മൂലലിംഗത്തിൽ നിന്ന് ഗുരുമൂർത്തിയായി അവതരിച്ചു. യക്ഷനാരിമാരുടെ സമീപം ചെന്ന് അഷ്ട സിദ്ധികളും ഉപദേശിച്ചു. അപ്പോൾ ശാപം തീർന്ന് അവർ പൂർവസ്ഥിതിയെ പ്രാപിച്ചു. ആകാശ സഞ്ചാരം ചെയ്തുകൊണ്ട് അത്ഭുതങ്ങൾ പ്രകടമാക്കി അവർ വസിച്ചു. സർവ്വ വിജ്ഞാനവും സമ്പാദിച്ചതിനുശേഷം കൈലാസത്തിൽ ഈശ്വര പാദസേവ ചെയ്ത് അവർ ജീവിച്ചു.
ഭക്തിപൂർവ്വം ഈ ലീല ശ്രവിച്ചാൽ ഐശ്വര്യവും സിദ്ധികളും ധനവും ലഭിക്കും. ഒടുവിൽ അന്ത്യകാലത്ത് മോക്ഷവും ലഭിക്കും.
അടുത്തഹാലാസ്യ മാഹാത്മ്യം 34 ചോള ഭൂപന്റെ ക്ഷേത്രപ്രവേശം
അവലംബം-വ്യാസദേവൻ രചിച്ച സ്കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/