ഓൺലൈൻ വിപണിയിലേക്ക് വാഹനങ്ങളുടെ വിൽപ്പനയുമെത്തിക്കാനൊരുങ്ങി ആമസോൺ. ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ ഇത് സംബന്ധിച്ച് പ്രമുഖ വാഹന നിർമാതാക്കളായ ഹ്യൂണ്ടായി വെഹിക്കിൾസുമായി ധാരണയിലെത്തി. അടുത്ത വർഷം മുതൽ ഹ്യൂണ്ടായിയുടെ വാഹനങ്ങൾ വിൽപ്പനയ്ക്കായി ആമസോണിൽ എത്തും.
ആമസോണിൽ വാഹനങ്ങൾ എത്തിക്കുന്നത് കമ്പനിയുടെ ഈ മേഖലയിലേക്ക് കൂടിയുള്ള ആദ്യ ചുവടുവയ്പ്പാണ്. യുഎസിൽ ആകും ആദ്യ ഘട്ടത്തിൽ ഓൺലൈൻ മുഖേനയുള്ള വാഹന വിൽപ്പന ആരംഭിക്കുക. ഉപയോക്താക്കളുടെ താത്പര്യാനുസൃതമായിരിക്കും മറ്റ് രാജ്യങ്ങളിലേക്കുമുള്ള വ്യാപനം. ഹ്യൂണ്ടായിയുടെ വാഹനങ്ങളാകും ആദ്യ ഘട്ടത്തിൽ ആമസോൺ മുഖേന ഓർഡർ ചെയ്യാനാകുക.
ആമസോൺ മുഖേന ഓർഡർ ചെയ്യുന്ന വാഹനം പ്രാദേശിക ഹ്യൂണ്ടായ് ഡീലർ മുഖേന ഡെലിവറി ചെയ്യപ്പെടുന്നതായിരിക്കും. ഹ്യൂണ്ടായുടെ നിലവിൽ ഉള്ള ഏത് മോഡൽ വാഹനങ്ങളും ഇത്തരത്തിൽ ആമസോണിലൂടെ വാങ്ങാനാകും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.