തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. വരുന്ന അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
അതിതീവ്ര ന്യൂനമർദം വടക്കൻ ത്രിപുരയ്ക്ക് മുകളിൽ ന്യൂനമർദ്ദമായി ശക്തി കുറഞ്ഞു. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്.