അനുദിനം വളരുന്ന ലോകശക്തിയായി മാറുകയാണ് ഭാരതം. വിരലിലെണ്ണാവുന്ന വർഷങ്ങൾക്കിപ്പുറം ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും. നിരവധി ഘടകങ്ങളാണ് രാജ്യത്തിന്റെ വളർച്ചയ്‌ക്ക് പിന്നിലുള്ളത്. സ്റ്റാർട്ടപ്പുകൾ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യഘടകമായി മാറുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അനന്ദ നാഗേശ്വർ.
രാജ്യത്തിന്റെ ബിസിനസ് ഹബ്ബുകളായ നഗരങ്ങളായ കോയമ്പത്തൂർ, ലക്നൗ, ഗാസിയാബാദ്, ഗുവാഹത്തി, പട്ന, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ സ്റ്റാർട്ടപ്പുകൾ തഴച്ചുവളരുന്നു. ഏഴ് വർഷത്തിനുള്ളിൽ ഏഴ് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാണ് രാജ്യം ലക്ഷ്യം വെയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ വളർച്ചാ പാത നിലനിർത്തിയാൽ 2030-ഓടെ ഏഴ് ട്രില്യൺ യുഎസ് ഡോളറിന്റെ സമ്പദ് വ്യവസ്ഥ സാധ്യമാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആ യാത്രയിൽ സ്റ്റാർട്ടപ്പുകളും സംരംഭകരും സുപ്രധാന പങ്ക് വഹിക്കും.
763 ജില്ലകളിലായി 1.12 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളാണ് രാജ്യത്തുള്ളത്. ഇവയിൽ 350 ബില്യൺ ഡോളർ മൂല്യമുള്ളതാണ് 110-ലധികം യൂണികോണുകൾ. 56 വ്യാവസായിക മേഖലകളിലാണ് സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നത്. 13 ശതമാനം സ്റ്റാർട്ടപ്പുകൾ ഐടി മേഖലയിൽ നിന്നും ഒൻപത് ശതമാനം ആരോഗ്യം, ശാസ്ത്രം, വിദ്യാഭ്യാസം, അഞ്ച് ശതമാനം കൃഷി, ഭക്ഷണ പാനീയ മേഖലയിലുമാണ് പ്രവർത്തിക്കുന്നത്. ആഗോള സ്റ്റാർട്ടപ്പ് രംഗത്തേക്ക് ചുവടുവെച്ചതോടെ പ്രകടമായ മാറ്റമാണ് രാജ്യത്തുണ്ടായതെന്നും അദ്ദേഹം സൂചിപ്പിച്ചു. വ്യാപര മേഖലയിലേക്ക് സ്ത്രീകളെത്തുന്നതിനും സ്റ്റാർട്ടപ്പുകൾ വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.