കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ചില്ല് പൊട്ടിച്ച് പുറത്തേക്ക് ചാടി യാത്രികൻ. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിയാണ് ബസിൽ നിന്നും പുറത്തേക്ക് ചാടിയത്. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഗരുഡ ബസിന്റെ ചില്ല് തകർത്താണ് ഇയാൾ പുറത്തേക്ക് ചാടിയത്.
ബസിലെ 33-ാം നമ്പർ സീറ്റിലിരുന്നാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. സീറ്റിന്റെ ഭാഗത്തുണ്ടായിരുന്ന ഗ്ലാസ് പൊട്ടിച്ചാണ് ഇയാൾ പുറത്തേക്ക് ചാടിയത്. തലയ്ക്കും കാലിനും പരിക്കേറ്റ ഇയാൾ റോഡിലൂടെ ഓടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ബസിൽ നിന്നും ഇയാൾ ചാടാനുണ്ടായ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.